ബാഴ്സലോണയുടേയും, ബ്രസീലിന്റേയും ജേഴ്സികൾ അണിയുമ്പോൾ തന്നെ ഒരു സൂപ്പർ ഹീറോയെപ്പോലെ തോന്നിപ്പിക്കുമെന്ന് ഡാനി ആൽവസ്

അഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നതിൽ വലിയ ത്രില്ലിലാണ് ബ്രസീലിയൻ താരം ഡാനി ആൽവസ്. ക്ലബ്ബുമായി കരാർ കാര്യത്തിൽ ധാരണയിലെത്തിയതിന് ശേഷം സംസാരിക്കവെ ഈ ആവേശം വ്യക്തമാക്കിയ ആൽവസ്, കഴിഞ്ഞ ദിവസം ക്ലബ്ബിൽ വൈദ്യപരിശോധനകൾക്ക് വിധേയനായതിന് ശേഷവും അങ്ങോട്ടേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷം പങ്കു വെച്ചു.
ബാഴ്സലോണയിലേക്ക് മടങ്ങിയെത്താൻ താൻ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്ന ആൽവസ്, എന്നാൽ 2 തവണ താൻ അതിനായി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും വ്യക്തമാക്കി. ബാഴ്സലോണ ജേഴ്സി ധരിക്കുമ്പോൾ തന്നെയൊരു സൂപ്പർ ഹീറോയെപ്പോലെ തോന്നിപ്പിക്കുമെന്നും, ഇവിടേക്ക് മടങ്ങിയെത്തുന്നത് തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും ബാഴ്സ ടിവി+നോട് സംസാരിക്കവെ ആൽവസ് കൂട്ടിച്ചേർത്തു.
"ഞാൻ ഇപ്പോളും ഞെട്ടിയിരിക്കുകയാണ്. മുൻപ് പരസ്യമായി പറഞ്ഞതു പോലെ, ബാഴ്സലോണയിലേക്ക് മടങ്ങിയെത്താൻ ഏറെക്കാലമായി ഞാൻ ശ്രമിക്കുകയായിരുന്നു. തിരിച്ചു വരാൻ ഞാൻ രണ്ടു തവണ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. കളിക്കളത്തിനകത്തും പുറത്തുമുള്ള എന്റെ പ്രതിബദ്ധതയെക്കുറിച്ച് അറിയാവുന്ന ആളുകൾക്കൊപ്പം ജോലിയിലേക്ക് മടങ്ങിയെത്താനാകുന്നത് സന്തോഷവും, അഭിമാനകരവുമാണ്."
Our kit is Dani Alves’s cape pic.twitter.com/kSnNuZkctV
— FC Barcelona (@FCBarcelona) November 15, 2021
"ഞാൻ എപ്പോളും പറയാറുണ്ട്, രണ്ട് ഷർട്ടുകൾ, ബാഴ്സലോണയുടേയും, ബ്രസീലിന്റേയും ഷർട്ടുകൾ ധരിക്കുമ്പോൾ തന്നെയൊരു സൂപ്പർ ഹീറോയെപ്പോലെ തോന്നിപ്പിക്കും. ഈ ഷർട്ട് (ബാഴ്സലോണയുടെ) വീണ്ടും ധരിക്കുന്നത് എനിക്ക് കരുത്തും, ഉത്തേജനവും നൽകുന്നു. ഇത് എന്റെ സഹതാരങ്ങളിലേക്കും പകർന്നു നൽകാനാകുമെന്ന് ഞാൻ കരുതുന്നു."
"ഫുട്ബോളിലെ എന്റെ ഏറ്റവും നല്ല ഓർമ്മകൾ ബാഴ്സലോണയിലാണ് സംഭവിച്ചത്, എന്റെ വീട് ഇവിടെ ബാഴ്സലോണയിലാണ്, എന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ ഇവിടെ ബാഴ്സലോണയിൽ താമസിക്കുന്നു. അത് കൊണ്ടു തന്നെ ഞാൻ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമായിരുന്നു."
"ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ ബാഴ്സലോണയാണെന്ന കാര്യം ഞങ്ങൾ വിശ്വസിക്കേണ്ടതുണ്ട്. ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്, ബാഴ്സലോണ അതുല്യമാണ്. ഞാൻ ഇവിടെയുള്ളത് കൊണ്ടു മാത്രമല്ല ഞാൻ അങ്ങനെ പറയുന്നത്. ഞാൻ എന്താണ് പറയുന്നതെന്ന കാര്യം ഇവിടം വിട്ടു പോയവർക്ക് അറിയാം, ഇവിടെ ഉണ്ടായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയാണ്." ഡാനി ആൽവസ് പറഞ്ഞു നിർത്തി.