ബാഴ്‌സലോണ ഈ സീസണിൽ ഫോം കണ്ടെത്താൻ വൈകിയത് റയൽ മാഡ്രിഡിനു ഭാഗ്യമായെന്ന് ഡാനി ആൽവസ്

Dani Alves Says Real Madrid Are Lucky Barcelona Found Form Late
Dani Alves Says Real Madrid Are Lucky Barcelona Found Form Late / Soccrates Images/GettyImages
facebooktwitterreddit

ഈ സീസണിൽ ബാഴ്‌സലോണ ഫോം കണ്ടെത്താൻ വൈകിയത് റയൽ മാഡ്രിഡിനു ഭാഗ്യമായെന്ന് കാറ്റലൻ ക്ലബിന്റെ ഫുൾ ബാക്കായ ഡാനി ആൽവസ്. ലാ ലിഗ കിരീടത്തിനായി പൊരുതാനുള്ള പ്രതിഭ ബാഴ്‌സലോണക്കുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. റയൽ സോസിഡാഡുമായി ഇന്നലെ നടന്ന ലീഗ് മത്സരത്തിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡാനി അൽവസ്.

ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ഒന്നാം സ്ഥാനത്തുള്ള റയൽ സോസിഡാഡുമായി പതിനഞ്ചു പോയിന്റ് പിന്നിലാണിപ്പോൾ ബാഴ്‌സയുള്ളത്. ലയണൽ മെസിയടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതും സാമ്പത്തിക പ്രതിസന്ധിയും മൂലം സീസണിന്റെ തുടക്കത്തിൽ പതറി ഒൻപതാം സ്ഥാനത്തേക്കു വരെ വീണ ബാഴ്‌സലോണ ജനുവരി മുതലാണ് മികച്ച പ്രകടനം നടത്തി പോയിന്റ് ടേബിളിൽ മുന്നേറാനാരംഭിച്ചത്.

"റയൽ മാഡ്രിഡിനു ഭാഗ്യമുണ്ട്, ഞങ്ങൾ ഉയർന്നെണീറ്റു വരാൻ വളരെ വൈകിയെന്നതു കൊണ്ട് കിരീടത്തിനായി പൊരുതാൻ കഴിഞ്ഞില്ല. ഇനി ഞങ്ങൾക്ക് മറ്റൊരു ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു." ഒബാമയാങ് നേടിയ ഒരേയൊരു ഗോളിൽ റയൽ സോസിഡാഡിനെതിരെ വിജയം നേടിയ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ഡാനി അൽവസ് പറഞ്ഞു. മത്സരത്തെക്കുറിച്ചും താരം സംസാരിച്ചു.

"ആദ്യപകുതിയിൽ ഞങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നു, ഞങ്ങൾ നല്ല രീതിയിൽ തന്നെ അവർക്കു മേൽ സമ്മർദ്ദം ചെലുത്തി കളിക്കുകയുണ്ടായി. എന്നാൽ അതിനു ശേഷം ഞങ്ങളുടെ തീവ്രത നഷ്‌ടമായി, അവർ ഞങ്ങളെ സമ്മർദ്ദം ചെലുത്താൻ ആരംഭിക്കുകയും ചെയ്‌തു. ഫുട്ബോളിൽ വിജയം നേടുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷെ ഞങ്ങൾ വിജയിച്ചു." ഡാനി അൽവസ് പറഞ്ഞു.

ബാഴ്‌സലോണയുടെ പ്രതിരോധനിര മുഴുവൻ പരിക്കിന്റെ പിടിയിലകപ്പെട്ട മത്സരത്തിൽ പരിക്കു പറ്റിയ താരങ്ങളിൽ ഒരാൾ ഡാനി ആൽവസായിരുന്നു. ശാരീരികാപരമായി താരങ്ങൾക്ക് വലിയ കുഴപ്പമില്ലെങ്കിലും സീസൺ അവസാനത്തോടടുത്തതിന്റെ തളർച്ചയാണ് ഇതിനു കാരണമെന്ന് ഡാനി പറഞ്ഞു. മത്സരത്തിനു ശേഷം പരിശീലകൻ സാവിയും അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. താരങ്ങൾ വളരെ ആത്മാർത്ഥമായി കളിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.