Football in Malayalam

ഡാനി ആൽവസിനു ബാഴ്‌സയിൽ നിന്നും ലഭിക്കുന്നത് ലാ ലിഗ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രതിഫലം

Sreejith N
FBL-ESP-LIGA-BARCELONA-ALVES
FBL-ESP-LIGA-BARCELONA-ALVES / PAU BARRENA/GettyImages
facebooktwitterreddit

കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ക്ലബിന്റെ മുൻകാല നേതൃത്വത്തിന്റെ ദിശാബോധമില്ലാത്ത തീരുമാനങ്ങളും ബാഴ്‌സലോണയെ വളരെയധികം ബാധിച്ചത് ഈ സീസണിലാണ്. കടുത്ത പ്രതിസന്ധിയിലായ ക്ലബിന് ലാ ലിഗ സാലറി ക്യാപ്പ് ഏർപ്പെടുത്തിയതോടെ വലിയ ശമ്പളം വാങ്ങുന്ന ലയണൽ മെസി, അന്റോയിൻ ഗ്രീസ്‌മൻ എന്നീ താരങ്ങളെ ഒഴിവാക്കേണ്ടി വന്നത് അവരുടെ പ്രകടനത്തെ വളരെയധികം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

മോശം പ്രകടനം മൂലം ആത്മവിശ്വാസം നഷ്‌ടമായ ബാഴ്‌സലോണ താരങ്ങൾക്ക് അതു തിരിച്ചു നൽകാൻ വേണ്ടിയാണ് കൂമാനെ പുറത്താക്കി സാവിയെ ക്ലബ് പരിശീലകനായി നിയമിച്ചത്. സാവി പരിശീലകനായി എത്തിയതിനു പിന്നാലെ ബാഴ്‌സലോണയുടെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളായ ബ്രസീലിയൻ താരം ഡാനി ആൽവസിനെ ക്ലബ്ബിലേക്ക് തിരികെയെത്തിച്ചിരുന്നു. താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

സാവിയടക്കമുള്ള പുതിയ കോച്ചിങ് ടീം എത്തിയതു കൊണ്ട് ക്ലബിന്റെ വേതനബില്ലിൽ 3.9 മില്യൺ യൂറോയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ ഡാനി ആൽവസിനെ സ്വന്തമാക്കാൻ സാലറി ക്യാപ്പ് പ്രകാരം ലാ ലിഗ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം മാത്രമേ ബാഴ്‌സയ്ക്ക് നൽകാൻ കഴിയുകയുള്ളൂവെന്നും താരത്തിന്റെ കരാറിലുള്ളത് ആ തുക തന്നെയാണെന്നുമാണ് ലാ വാൻഗാർഡിയയെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

റിപ്പോർട്ട് പ്രകാരം ഒരു വർഷം ഒരു ലക്ഷത്തി അൻപത്തയ്യായിരം യൂറോ മാത്രമാണ് ബാഴ്‌സലോണയിൽ നിന്നും പുതിയ കരാർ പ്രകാരം ഡാനി ആൽവസ് കൈപ്പറ്റുന്ന വേതനം. ബ്രസീലിയൻ താരത്തിന് മുപ്പത്തിയെട്ടു വയസായെങ്കിലും നിലവിൽ ലഭിക്കേണ്ട പ്രതിഫലത്തേക്കാൾ വളരെ കുറവാണ് ഈ തുകയെന്നതിൽ സംശയമില്ല. ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ താരത്തിനുണ്ടായിരുന്ന താൽപര്യം കൊണ്ടു കൂടിയാണ് അത്രയും ചെറിയ തുകക്ക് കരാർ ഒപ്പിടാൻ സമ്മതിപ്പിക്കാൻ കഴിഞ്ഞത്.

ബാഴ്‌സ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ തന്നെക്കൊണ്ട് കഴിയുന്ന എല്ലാ രീതിയിലും അതിനെ സഹായിക്കുക വഴി ക്ലബിനോടുള്ള സ്നേഹം തെളിയിക്കാൻ ആൽവസിനു കഴിഞ്ഞിട്ടുണ്ട്. അതേസമയം ട്രാൻസ്‌ഫർ പൂർത്തിയായി എങ്കിലും ജനുവരി മുതൽ മാത്രമേ ഡാനിക്ക് ക്ലബിനു വേണ്ടി കളിക്കാൻ കഴിയുകയുള്ളൂ.


facebooktwitterreddit