Transfers

മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറാനുള്ള ഓഫർ നിരസിച്ചതിൽ നിരാശയുണ്ടെന്ന് ബ്രസീലിയൻ താരം ഡാനി ആൽവസ്

Sreejith N
Brazil v Peru: Final - Copa America Brazil 2019
Brazil v Peru: Final - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

കരിയറിലുടനീളം നിരവധി മികച്ച ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ഡാനി ആൽവസ് ലോകഫുട്ബോളിൽ ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ്. സെവിയ്യ, ബാഴ്‌സലോണ, യുവന്റസ്, പിഎസ്‌ജി തുടങ്ങിയ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരം ഒരു സമയത്ത് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വന്ന ഓഫർ തഴയുകയും ചെയ്‌തിരുന്നു.

ബാഴ്‌സലോണയിൽ നിന്നും യുവന്റസിലേക്ക് ചേക്കേറി അവിടെ ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ 2017ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഡാനി ആൽവസിന് ഓഫർ ലഭിച്ചത്. എന്നാൽ പെപ് ഗ്വാർഡിയോളക്കൊപ്പം കീഴിൽ കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ബ്രസീലിയൻ താരം ഫ്രാൻസിലേക്കാണ് പോയത്. ആ തീരുമാനത്തിൽ തനിക്ക് നിരാശയുണ്ടെന്ന് അടുത്തിടെ ഡാനി ആൽവസ് വെളിപ്പെടുത്തി.

"2017ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനും ഗ്വാർഡിയോളക്കൊപ്പം വീണ്ടും കളിക്കാനും ലഭിച്ച അവസരം വേണ്ടെന്നു വെച്ചതിൽ എനിക്കു നിരാശയുണ്ട്. ഗ്വാർഡിയോളയെ പോലുള്ള പരിശീലകർ എപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നു, അത് പുതിയ കാര്യങ്ങൾ നമുക്ക് നൽകുന്നു. എന്റെ നിരാശ അദ്ദേഹത്തിനു കീഴിൽ കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ചതാണ്. പിഎസ്‌ജിയിലേക്ക് ചേക്കേറിയതിൽ എനിക്കു നിരാശയില്ല, കാരണം പിഎസ്‌ജിയിലെ എന്റെ നാളുകൾ മനോഹരമായിരുന്നു." സ്‌പോർടിവിയോട് സംസാരിക്കുമ്പോൾ ആൽവസ് വ്യക്തമാക്കി.

ആദ്യ സീസൺ കിരീടങ്ങളൊന്നും നേടാതെ ഇംഗ്ലണ്ടിൽ പൂർത്തിയാക്കിയ ഗ്വാർഡിയോള 2017ൽ നിരവധി താരങ്ങളെ ടീമിലേക്ക് എത്തിച്ചിരുന്നു. ബെർണാഡോ സിൽവ, എഡേഴ്‌സൺ, ബെഞ്ചമിൻ മെൻഡി, ഡാനിലോ എന്നിവർക്കൊപ്പം ഇംഗ്ലണ്ട് താരം കെയ്ൽ വാക്കറെയും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഡാനി ആൽവസ് ഓഫർ നിഷേധിച്ചതിനെ തുടർന്നാണ് ടോട്ടനം ഹോസ്‌പർ താരത്തെ സിറ്റി ‌ടീമിലെത്തിച്ചത്.

facebooktwitterreddit