എറിക് ടെൻ ഹാഗ് നിലവിലുള്ള മികച്ച പരിശീലകരിലൊരാൾ, അദ്ദേഹത്തിന് സമയവും പിന്തുണയും നൽകണമെന്ന് ഡെലീ ബ്ലിൻഡ്

Daley Blind Says Ten Hag Is One Of The Best Managers Around
Daley Blind Says Ten Hag Is One Of The Best Managers Around / Soccrates Images/GettyImages
facebooktwitterreddit

നിലവിലുള്ള പരിശീലകരിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതല ഏറ്റെടുക്കാൻ പോകുന്ന എറിക് ടെൻ ഹാഗെന്ന് നിലവിൽ അയാക്‌സിൽ കളിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഡെലീ ബ്ലിൻഡ്. എന്നാൽ സമയവും വേണ്ടത്ര പിന്തുണയും അദ്ദേഹത്തിന് വിജയങ്ങൾ നേടാൻ നൽകണമെന്നും നെതർലാൻഡ്‌സ് താരം പറഞ്ഞു.

അഞ്ചു വർഷമായി അയാക്‌സ് പരിശീലകനായിരുന്ന എറിക് ടെൻ ഹാഗ് യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മാനേജർമാരിൽ ഒരാളാണ്. മൂന്ന് ഡച്ച് ലീഗ് കിരീടങ്ങൾ നേടിയ അദ്ദേഹം 2018-19 സീസണിൽ അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമി വരെയെത്തിച്ച പ്രകടനത്തിന്റെ പേരിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിനാൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമ്പോൾ പ്രതീക്ഷകളും വളരെയധികമാണ്.

"എറിക് ടെൻ ഹാഗ് വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് എളുപ്പമുള്ള ഒരു ജോലിയല്ലെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ അതിൽ നിന്നും ഒരിക്കലുമയാൾ ഒളിച്ചോടില്ല. ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കും." ആൻഡി വാൻ ഡെർ മെയ്‌ഡെയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ ബ്ലിൻഡ് പറഞ്ഞു.

"മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ അദ്ദേഹത്തിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എന്നാൽ ബോർഡ് ടെൻ ഹാഗിനൊപ്പം നിൽക്കണം. അയാക്‌സിൽ അദ്ദേഹത്തിന് എന്തു സംഭവിച്ചാലും, ഏതു മോശം സമയത്തും വാൻ ഡെർ സാറും ഓവർമാസും ഒപ്പം തന്നെയുണ്ടായിരുന്നു. ടെൻ ഹാഗിന് വേണ്ടത്ര സമയം ലഭിക്കുമെന്നും ഞാൻ കരുതുന്നു. നിലവിലുള്ള പരിശീലകരിൽ ഏറ്റവും മികച്ചയാളാണ് അദ്ദേഹം." ബ്ലിൻഡ് വ്യക്തമാക്കി.

തന്റെ തന്ത്രങ്ങൾക് വളരെയധികം പ്രാധാന്യം നൽകി അതിന് അനുസരിച്ച രീതിയിൽ ടീമിനെ പരിശീലിപ്പിക്കുന്ന ടെൻ ഹാഗ് ഒരു എതിരാളിയെയും നിസാരമായി കാണില്ലെന്നും ബ്ലിൻഡ് കൂട്ടിച്ചേർത്തു. അയാക്‌സിനൊപ്പം ഡച്ച് ലീഗ് കിരീടം നേടി ഈ സീസൺ പൂർത്തിയാക്കിയ ടെൻ ഹാഗ് പ്രീമിയർ ലീഗ് സീസൺ പൂർത്തിയാകുന്നതോടെയാവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതല ഏറ്റെടുക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.