Football in Malayalam

വിഎആർ വിവാദം വീണ്ടും, ഗെറ്റാഫക്കെതിരെ റയൽ താരം മരിയാനോ നേടിയ ഗോൾ നിഷേധിച്ച തീരുമാനത്തിനെതിരെ വിമർശനം

Sreejith N
Getafe v Real Madrid - La Liga Santander
Getafe v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലാ ലിഗയിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ വളരെക്കുറച്ച് പോയിന്റ് വ്യത്യാസമേയുള്ളൂ എന്നതിനാൽ ഓരോ മത്സരവും ഈ ടീമുകൾക്ക് വളരെ നിർണായകമാണ്. അതുപോലെയൊരു നിർണായക മത്സരമാണ് ഇന്നലെ ഗെറ്റാഫെയും റയൽ മാഡ്രിഡും തമ്മിൽ നടന്നതെങ്കിലും പരിക്കും മറ്റു കാരണങ്ങളും കൊണ്ട് ചില പ്രധാന താരങ്ങൾക്ക് വിശ്രമമനുവദിക്കേണ്ടി വന്നതിനാൽ റയലിന് മത്സരത്തിൽ സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

എന്നാൽ ഇന്നലെ നടന്ന മത്സരം യഥാർത്ഥത്തിൽ റയൽ മാഡ്രിഡ് വിജയിക്കേണ്ടതായിരുന്നു എന്നാണു മത്സരശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്. ആദ്യപകുതിയിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മരിയാനോ ഡയസ് നേടിയ ഗോൾ വീഡിയോ റഫറി അനുവദിക്കാതിരുന്ന തീരുമാനം തെറ്റായിരുന്നുവെന്നാണ് ഫ്രാൻ മാർട്ടിനസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് വ്യക്തമാക്കുന്നത്.

വീഡിയോ റഫറി പരിശോധിച്ച ദൃശ്യങ്ങളിൽ സംഭവിച്ച പിഴവാണ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മരിയാനോ ഓഫ്‌സൈഡ് പൊസിഷനിൽ ആയിരിക്കുന്ന ദൃശ്യത്തിൽ ഗോളിന് അസിസ്റ്റ് നൽകിയ മിലിട്ടാവോയുടെ കാലുകളിൽ നിന്നും പന്ത് കുറച്ചു ദൂരം മുന്നോട്ടു പോയിട്ടുണ്ട്. അതേസമയം മിലിറ്റാവോ പാസ് ചെയ്യുന്ന കൃത്യം സമയത്തുള്ള ദൃശ്യമെടുത്തു നോക്കിയാൽ മരിയാനോ ഓൺ സൈഡ് ആയിരുന്നുവെന്നും വീഡിയോ റഫറിയുടെ തീരുമാനത്തിൽ തെറ്റ് പറ്റിയെന്നും വ്യക്തമാകുന്നു.

ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ വിലപ്പെട്ട മൂന്നു പോയിന്റുകൾ നിർണായക സമയത്ത് റയലിന് ലഭിക്കുമായിരുന്നു. സമനില വഴങ്ങി രണ്ടു പോയിന്റ് നഷ്ടപ്പെടുത്തിയ റയലിനെ അടുത്ത മത്സരത്തിൽ വിജയിച്ച് പോയിന്റ് ടേബിളിൽ മറികടക്കാൻ ബാഴ്‌സലോണക്ക് അവസരമുണ്ട്. എന്തായാലും ലീഗ് അവസാനിക്കുന്നതു വരെ ഈ നാല് ടീമുകളിൽ ആരാണ് കിരീടം നേടുകയെന്നു പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.


facebooktwitterreddit