Football in Malayalam

യുവന്റസ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടേക്കും

Gokul Manthara
Juventus  v AC Milan - Serie A
Juventus v AC Milan - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ നിന്ന് ട്രാൻസ്ഫറിന് ശ്രമിക്കുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം സ്പോർട്സ് റേഡിയോ സ്റ്റേഷനായ ടോക്സ്പോർടിനോട് സംസാരിക്കവെ പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ച എസി മിലാനെതിരെ നടന്ന‌ സീരി എ മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെട്ടത് യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരുന്നു. നിലവിൽ സീരി എയിൽ അഞ്ചാം സ്ഥാനത്തുള്ള ക്ലബ്ബ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കവെയാണ് അങ്ങനെ സംഭവിച്ചാൽ അത് റൊണാൾഡോ ക്ലബ്ബ് വിടുന്നതിനും വഴിവെക്കുമെന്ന് റൊമാനോ പറഞ്ഞിരിക്കുന്നത്.

"യുവന്റസ് ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശനം നേടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ ക്ലബ്ബ് വിടാൻ ആവശ്യപ്പെടുമെന്നാണ് ഇറ്റലിയിലെ വികാരം," റൊമാനോ പറഞ്ഞു.

"ഏത് ക്ലബാണ് സമ്മറിൽ ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യുക എന്ന് നോക്കാം. അദ്ദേഹത്തിന് 30 മില്യൺ യൂറോയുടെ ശമ്പളം യുവന്റസിൽ ഒരു സീസണിൽ കൂടി ഉണ്ടെന്ന് ഓർക്കണം. അത് ക്രിസ്റ്റ്യാനോക്ക് വളരെ വലുതാണ് ഇപ്പോൾ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അതേ ശമ്പളം നല്കാൻ തയ്യാറായ ഒരു ക്ലബ് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്.

"ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നതാണ് പ്രധാന കാര്യം. യുവന്റസിന് അവിടെയെത്താൻ ഇനിയും മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. എന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ അവർക്ക് അത് ബുദ്ധിമുട്ടാണ്.

അതേ‌ സമയം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മോശം ഫോമിലാണെങ്കിലും 2020-21 സീസണിൽ മികച്ച റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്. ഈ സീസണിൽ ഇതു വരെ കളിച്ച 41 മത്സരങ്ങളിൽ 34 ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞ റോണോ, 4 ഗോളുകൾക്ക് വഴിയുമൊരുക്കി. 27 ഗോളുകളോടെ ഈ സീസൺ സീരി എ യിലെ ടോപ്‌ സ്കോററും റോണോ തന്നെയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit