മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻഫർ നീക്കങ്ങൾ മന്ദഗതിയിൽ, തന്റെ ഭാവിയിൽ ആശങ്കാകുലനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Ronaldo is said to be worried about his future
Ronaldo is said to be worried about his future / Matthew Ashton - AMA/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻഫറുകൾ വേഗത്തിൽ പൂർത്തിയാക്കാത്തതിൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ആശങ്കയിലാണെന്നാണ് റിപ്പോർട്ട്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം തന്റെ ഭാവിയിൽ ആശങ്കാകുലനാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു കളിക്കാരനെ പോലും സ്വന്തമാക്കിയിട്ടില്ല. അതേസമയം പ്രീമിയർ ലീഗ് കിരീടത്തിനായി പൊരുതുന്ന ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ലബുകളെല്ലാം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളിൽ ചെൽസിയും, മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമാണ് ഇത് വരെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൈനിങ്‌സ് നടത്താത്തത്.

കഴിഞ്ഞ സീസണിൽ ക്ലബിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോയിന്റ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പുതിയ പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതോടെ ഈ സമ്മറിൽ അവർക്കു പുതിയ താരങ്ങളെ വേണമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഈ സാഹചര്യത്തിലും ട്രാൻസ്‌ഫർ മാർക്കറ്റിലെ ക്ലബ് നടത്തുന്ന മന്ദഗതിയിലുള്ള ഇടപെടലുകൾ റൊണാൾഡോയെ ആശങ്കപ്പെടുത്തുന്നു.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ട്‌ പ്രകാരം യുണൈറ്റഡിന്റെ ട്രാൻഫർ ജാലകത്തിലെ മന്ദഗതിയിലുള്ള തുടക്കം റൊണാൾഡോയെ തന്റെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാക്കിയിട്ടുണ്ട്. ഇതിനൊപ്പം മറ്റുള്ള പ്രധാന എതിരാളികൾ വമ്പൻ സൈനിംഗുകൾ നടത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും ഒരു വർഷം മാത്രം ക്ലബുമായി കരാർ ബാക്കിയുള്ള റൊണാൾഡോ വിശ്വസിക്കുന്നു.

എലീറ്റ് ഫുട്ബോളിലെ തന്റെ അവസാന സീസണുകളിൽ ഒന്നിൽ ട്രോഫികൾ നേടാനുള്ള അവസരം ഇല്ലാത്തിടത്ത് തുടരാൻ റൊണാൾഡോ ആഗ്രഹിക്കുന്നില്ല. ഇതാണ് താരത്തെ ആശങ്കാകുലനാക്കുന്നത്. അതിനാൽ തന്നെ, മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ കരാർ പൂർത്തീകരിക്കാനോ എന്ന കാര്യത്തിൽ താരത്തിന് സംശയമുണ്ടെന്നും എഎസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേ സമയം, ഇത് വരെ പുതിയ താരങ്ങളെയൊന്നും ടീമിലെത്തിച്ചിട്ടില്ലെങ്കിലും, ബാഴ്സലോണയിൽ നിന്നും മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിനെയും മുന്നേറ്റത്തിന് ശക്തി പകരാൻ അയാക്സിൽ നിന്നും ആന്റണിയെയും സ്വന്തമാക്കാനുള്ള ചർച്ചകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡെന്ന് 90min മനസിലാക്കുന്നു. അയാക്സിന്റെ തന്നെ പ്രതിരോധഭടന്മാരായ ലിസാൻഡ്രോ മാർട്ടിനസും ജൂരിയൻ ടിമ്പറും യുണൈറ്റഡിന് താത്പര്യമുള്ള താരങ്ങളാണ്. ഇവർക്ക് പുറമെ ഹോഫൻഹൈമിന്റെ പ്രതിരോധ താരം ഡേവിഡ് റൗമിലും യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചതായാണ് 90min മനസിലാക്കുന്നത്.