ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നത് യുവന്റസ് വിടാൻ തന്നെ; പി എസ് ജിയിലേക്കോ,റയലിലേക്കോ ചേക്കേറാമെന്ന് താരത്തിന് പ്രതീക്ഷ
By Gokul Manthara

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. താരം ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്ക നാളുകളിൽ അതിശക്തമായിരുന്നുവെങ്കിലും അദ്ദേഹം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത കുറവാണെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. താരം യുവന്റസിനൊപ്പം പരിശീലനത്തിലേക്ക് തിരിച്ചെത്തിയത് അദ്ദേഹം ക്ലബ്ബിൽ തുടരുമെന്നതിന്റെ സൂചനയാണെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ റോണോ, ഇറ്റാലിയൻ ക്ലബ്ബിനൊപ്പം പ്രീസീസൺ തുടങ്ങിയെങ്കിലും, അതിനർത്ഥം ക്ലബ്ബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ മാറ്റം വന്നു എന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എഎസ്. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ തന്നെയാണ് റോണോ ആഗ്രഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന അവർ, യുവന്റസിലെ തന്റെ യാത്ര അവസാനിച്ചതായി റോണോ വിശ്വസിക്കുന്നതായും കൂട്ടിച്ചേർക്കുന്നു.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്, പി എസ് ജിയിൽ നിന്ന് കെയ്ലിൻ എംബാപ്പെയെ റാഞ്ചുകയാണെങ്കിൽ, അദ്ദേഹത്തിന് പകരമെന്നോണം ഫ്രഞ്ച് ക്ലബ്ബ് തന്നെ സ്വന്തമാക്കാൻ ശ്രമിക്കുമെന്നാണ് റൊണാൾഡോ വിശ്വസിക്കുന്നത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മിനുറ്റിൽ റയൽ മാഡ്രിഡ് എംബാപ്പെയെ ടീമിലെത്തിച്ചേക്കുമെന്നത് ഫുട്ബോൾ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്ന കാര്യമാണ്.
എന്നാൽ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ക്രിസ്റ്റ്യാനോക്ക് സങ്കീർണമായ മറ്റൊരു വഴി കണ്ടെത്തേണ്ടി വരുമെന്നാണ് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ വാതിലിൽ റോണോക്ക് മുട്ടേണ്ടി വരും എന്നതാണത്. റയൽ പരിശീലകനായി കാർലോ ആൻസലോട്ടി തിരിച്ചെത്തിയത് റയലിലേക്കുള്ള റോണോയുടെ തിരിച്ചു പോക്കിനെ സഹായിച്ചേക്കുമെന്നും എ എസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങളിൽ റയൽ പരാജയപ്പെട്ടാൽ മാത്രമേ ഇത്തരമൊരു നീക്കം (റൊണാൾഡോ ടു റയൽ മാഡ്രിഡ്) നടക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ. അതേ സമയം എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് ഇക്കുറി കഴിയുകയാണെങ്കിൽ യുവന്റസ് വിടുന്നതിനോട് റൊണാൾഡോ ഒരു പടി കൂടി അടുക്കും. അങ്ങനെയെങ്കിൽ അടുത്ത സീസണിൽ താരം പി എസ് ജി ജേഴ്സിയിൽ കളിക്കാനുള്ള സാധ്യതകളും വർധിക്കും.