Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യകാല‌ ക്ലബ്ബായ ‌സ്പോർട്ടിംഗ് സിപിയിൽ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചന

Gokul Manthara
May 5, 2021, 12:28 AM GMT+5:30
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A | Alessandro Sabattini/Getty Images
facebooktwitterreddit

പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ദേശീയ ടീമിനായും ക്ലബ്ബ് തലത്തിൽ യുവന്റസിനായും ഗോളുകളടിച്ച് കൂട്ടി മുന്നേറുന്ന റൊണാൾഡോ വരും സമ്മറിൽ ഇറ്റാലിയൻ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ പുറത്ത് വരാൻ തുടങ്ങിയിട്ട് നാളു കുറച്ചായി‌.

യൂറോപ്പിലെ ചില വമ്പൻ ക്ലബ്ബുകൾ റോണോയെ സ്വന്തമാക്കാൻ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രംഗത്തുണ്ടാകുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ താരം തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ്‌ സിപിയിൽ കരാർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് പോർച്ചുഗീസ് പത്രമായ റെക്കോർഡ്.

റൊണാൾഡോ, സ്പോർട്ടിംഗ്‌ സിപിയിൽ കളിച്ചു കൊണ്ട് ഫുട്ബോൾ മൈതാനത്തോട് വിട പറയാൻ ആഗ്രഹിക്കുന്നുവെന്ന് തങ്ങളുടെ ആദ്യ പേജിൽത്തന്നെ റിപ്പോർട്ട് ചെയ്ത റെക്കോർഡ്, ഈ നീക്കത്തിന് റൊണാൾഡോയുടെ കുടുംബം അദ്ദേഹത്തെ പിന്തുണക്കുമെന്നും വ്യക്തമാക്കുന്നു. തന്റെ നാൽപ്പതാം വയസ് വരെ കളിക്കളത്തിൽ തുടരാൻ റൊണാൾഡോ ആഗ്രഹിക്കുന്നതായും ഈ റിപ്പോർട്ടിൽ റെക്കോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സീനിയർ കരിയർ ആരംഭിച്ച ക്ലബ്ബാണ് സ്പോർട്ടിംഗ് സിപി. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയുടെ യൂത്ത് ടീമിലും കളിച്ചിട്ടുള്ള റോണോ, 2002-03 സീസണിലാണ് അവരുടെ സീനിയർ ടീമിലേക്കെത്തുന്നത്. സ്പോർട്ടിംഗ് സിപിയുടെ സീനിയർ ടീമിനൊപ്പം 31 മത്സരങ്ങൾ കളിച്ചിട്ടുള്ള റൊണാൾഡോ 5 വീതം ഗോളുകളും അസിസ്റ്റുകളുമാണ് അവിടെ നേടിയത്. 2003 ൽ സ്പോർട്ടിംഗ് സിപിയിൽ നിന്നായിരുന്നു പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് റോണോയെ റാഞ്ചിയത്.

facebooktwitterreddit