മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിനു പിന്നാലെ സെപ്തംബറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് റൊണാൾഡോ


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. സെപ്റ്റംബർ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായി ആരാധകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത് പോർച്ചുഗീസ് നായകനെയാണ്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചുവരവ് പൂർത്തിയാക്കുന്നത്. ലോകഫുട്ബോളിലെ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് തന്നെ ഉയർത്തിയ പ്രീമിയർ ലീഗ് ക്ലബിലേക്കുള്ള രണ്ടാം വരവിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ റൊണാൾഡോ ഇരട്ടഗോളുകൾ നേടി ടീമിന് ഒന്നിനെതിരെ നാലു ഗോളുകളുടെ വമ്പൻ വിജയം നൽകിയിരുന്നു.
Don't mind us, just @Cristiano picking up ??????? award ✨
— Manchester United (@ManUtd) October 2, 2021
Presenting United's Player of the Month for September ?#MUFC pic.twitter.com/ueXTAL9b7R
അതിനു ശേഷം വെസ്റ്റ് ഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വളരെ നിർണായകമായ സമനില ഗോൾ നേടാനും ടീമിന്റെ വിജയത്തിനു പ്രചോദനം നൽകാനും താരത്തിനു കഴിഞ്ഞു. ഈ രണ്ടു മത്സരങ്ങൾക്കിടയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റൊണാൾഡോ ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നെങ്കിലും വാൻ ബിസാക്ക ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് രണ്ടു ഗോൾ വഴങ്ങി അവർ തോൽവി നേരിടുകയായിരുന്നു.
അതിനു ശേഷം വിയ്യാറയലിനെതിരെ നടന്ന കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോയുടെ ഹീറോയിസം വീണ്ടും കണ്ടത്. രണ്ടാം പകുതിയിൽ വിയ്യാറയൽ ഒരു ഗോളിനു മുന്നിട്ടു നിന്നിരുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നു വിജയം നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ റൊണാൾഡോയായിരുന്നു വിജയഗോൾ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ ഗോൾകീപ്പർ ഡി ഗിയയെ മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലേയർ ഓഫ് സെപ്തംബർ പുരസ്കാരം നേടിയത്. ലിംഗാർഡ്, ഗ്രീൻവുഡ് എന്നീ താരങ്ങളും പുരസ്കാരത്തിനു വേണ്ടിയുള്ള പട്ടികയിൽ ഉണ്ടായിരുന്നു.