ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി റൊണാൾഡോ ഇന്നു കളത്തിലിറങ്ങും


ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ ഇറങ്ങും. റയോ വയ്യക്കാനോക്കെതിരെ നടക്കുന്ന പ്രീ സീസൺ മത്സരത്തിലാണ് റൊണാൾഡോ ഇറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബും തമ്മിലുള്ള പോരാട്ടം.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെയാണ് റൊണാൾഡോ റയോ വയ്യക്കാനൊക്കെതിരെ കളിക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്. റൊണാൾഡോ സ്ക്വാഡിൽ ഉണ്ടാകുമെന്നും എന്നാൽ എത്ര സമയം താരത്തിനു കളിക്കാൻ കഴിയുമെന്ന കാര്യം അറിയില്ലെന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
റൊണാൾഡോ ഇന്നു കളത്തിലിറങ്ങിയാൽ എറിക് ടെൻ ഹാഗിനു കീഴിൽ താരം കളിക്കുന്ന ആദ്യത്തെ മത്സരമായിരിക്കുമത്. ഇതിനു മുൻപ് നടന്ന അഞ്ചു പ്രീ സീസൺ മത്സരങ്ങളിലും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലനത്തിനായി എത്തിയത്.
അതേസമയം റൊണാൾഡോയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെയും യാതൊരു തീരുമാനവും ആയിട്ടില്ല. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹമുണ്ടെങ്കിലും ഇതുവരെയും അതു സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടില്ല. റൊണാൾഡോയെ ക്ലബിൽ നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.