Juventus News

യുവന്റസ് വിടാനുള്ള തീരുമാനം സഹതാരങ്ങളെ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

ഈ സീസണു ശേഷം യുവന്റസ് വിടാനുള്ള തീരുമാനം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിലെ തന്റെ സഹതാരങ്ങളെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. പോർച്ചുഗൽ താരം ഈ സീസണു ശേഷം ക്ലബ് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവസാന സീരി എ മത്സരത്തിൽ വിജയിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിനു ശേഷം റൊണാൾഡോ ഇക്കാര്യം ടീമംഗങ്ങളോടു തന്നെ വെളിപ്പെടുത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമമായ ഇൽ മെസാജരോയെ അടിസ്ഥാനമാക്കി മാർക്ക വെളിപ്പെടുത്തുന്നത്.

റയൽ മാഡ്രിഡിന് തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിനു പിന്നാലെ 2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറുന്നത്. ഇറ്റാലിയൻ ലീഗിലെ ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ തുകക്ക് യുവന്റസിലെത്തിയ താരം കഴിഞ്ഞ മൂന്നു സീസണുകളിലും ടീമിന്റെ ടോപ് സ്കോററായിരുന്നു. 2022 വരെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസ് കരാറുണ്ടെങ്കിലും താരം നേരത്തെ ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ആഗ്രഹിച്ച ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മൂന്നു വർഷത്തിനിടെ രണ്ടു ലീഗ് കിരീടമുൾപ്പെടെ നിരവധി നേട്ടങ്ങൾ റൊണാൾഡോ സ്വന്തം പേരിലാക്കി. ഈ സീസണിൽ സീരി എയിലെ തന്നെ ടോപ് സ്കോററായിരുന്നു താരമെങ്കിലും യുവന്റസിന് ലീഗിൽ നാലാം സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വരികയാണുണ്ടായത്.

യുവന്റസ് വിടുന്ന റൊണാൾഡോ മുൻ ക്ളബുകളായ സ്പോർട്ടിങ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയിലേക്ക് ചേക്കേറാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകൾ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തള്ളിക്കളഞ്ഞിരുന്നു.

facebooktwitterreddit