മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ പരിശീലകൻ സോൾഷ്യറിനോട് റൊണാൾഡോ ആവശ്യപ്പെട്ടതായി സൂചന

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിന്റെ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുവാൻ പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യറിനോട് ആവശ്യപ്പെട്ടതായി സൂചന. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം മികച്ചതാണെങ്കിലും കളി ശൈലിയിൽ ടീം ചില മാറ്റങ്ങൾ കൊണ്ടു വരണമെന്ന് കരുതുന്ന റൊണാൾഡോ ഇക്കാര്യം സോൾഷ്യറിനോട് പറഞ്ഞെന്ന് ഇ എസ് പി എൻ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൈതാനത്ത് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആക്രമണ മേഖലകളിൽ ടീം കൂടുതൽ വേഗത്തിൽ പന്ത് നീക്കണമെന്ന് റൊണാൾഡോ ആഗ്രഹിക്കുന്നുവെന്നാണ് ഇ എസ് പി എൻ ചൂണ്ടിക്കാട്ടുന്നത്. ഫൈനൽ തേഡിൽ കൂടുതൽ മൂർച്ചയോടെയും വേഗത്തോടെയും പന്ത് വിതരണം ചെയ്യാൻ സഹതാരങ്ങൾക്കായാൽ തന്റെ ഗോൾ ടാലി വർധിപ്പിക്കാൻ കഴിയുമെന്ന് സോൾഷ്യറിനോടും, ക്ലബ്ബിലെ മറ്റ് പരിശീലകരോടും റൊണാൾഡോ പറഞ്ഞുവെന്നും ഈ റിപ്പോർട്ടിൽ ഇ എസ് പി എൻ വ്യക്തമാക്കുന്നു.
കളിശൈലിയിൽ മാറ്റം വരുത്തണമെന്ന റൊണാൾഡോയുടെ നിർദ്ദേശത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനനുസരിച്ച് പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് വേഗത്തിൽ പന്തെത്തിക്കുന്നതിനുള്ള പരിശീലനം യുണൈറ്റഡ് നടത്തുന്നതായി ഇ എസ് പി എൻ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
? Cristiano Ronaldo has told Ole Gunnar Solskjær that #mufc need to play quicker for him - he has made it clear that he can further increase his goal ratio if #mufc become sharper and quicker when distributing the ball in the opposition half. [@MarkOgden_]
— UtdDistrict (@UtdDistrict) October 1, 2021
ആക്രമണ താരങ്ങൾക്ക് വേഗത്തിൽ പന്തെത്തിച്ചു നൽകി പ്രതിരോധ താരങ്ങളും ടീമിന്റെ കളി ശൈലിയിൽ പ്രധാന സംഭാവന നൽകണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സംഘം ആഗ്രഹിക്കുവെന്നാണ് സൂചനകൾ. ഇതിനനുസരിച്ച് ടീം അവരുടെ പരിശീല രീതിയിൽ മാറ്റം വരുത്തിയെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം 12 വർഷത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉജ്ജ്വല ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ക്ലബ്ബിനായി 5 മത്സരങ്ങളിൽ കളിച്ച താരം 5 ഗോളുകളും സ്കോർ ചെയ്തു കഴിഞ്ഞു.