ഇവിടെയെത്തിയത് അഞ്ചാം സ്ഥാനത്തിനോ ആറാം സ്ഥാനത്തിനോ വേണ്ടിയല്ല, വിജയങ്ങൾ നേടാൻ വേണ്ടിയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Norwich City v Manchester United - Premier League
Norwich City v Manchester United - Premier League / Alex Pantling/GettyImages
facebooktwitterreddit

പറഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുകയെന്നതും അതിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം കളിക്കളത്തിൽ പുറത്തെടുക്കുകയെന്നതും റൊണാൾഡോ മുൻപ് പലപ്പോഴും ചെയ്‌തിട്ടുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞ വാക്കുകളും അതുപോലെ പ്രവർത്തിച്ചു കാണിക്കാൻ കഴിയണമെന്നാണ് താരത്തിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ആരാധകർ പ്രതീക്ഷിക്കുന്നത്.

യുവന്റസിൽ നിന്നും ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ ക്ലബിന്റെ ടോപ് സ്കോററാണെങ്കിലും ടീമിന് ഇതുവരെയും പ്രീമിയർ ലീഗിൽ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണെങ്കിലും അതിൽ തൃപ്‌തനാവാൻ തനിക്ക് കഴിയില്ലെന്നും ടീമിനൊപ്പം വിജയങ്ങൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നും റൊണാൾഡോ വ്യക്തമാക്കി.

"ഞങ്ങളുടെ മനോഭാവം പ്രീമിയർ ലീഗിന്റെ ടോപ് ത്രീയിൽ താഴേക്കു പോകുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ചില നല്ല കാര്യങ്ങൾ പടുത്തുയർത്താൻ ചിലതിനെ തകർത്തു കളയേണ്ടി വരുമെന്നു ഞാൻ കരുതുന്നു. എന്തു കൊണ്ടില്ല - പുതിയ വർഷം, പുതിയ ജീവിതം, ആരാധകർ ആഗ്രഹിക്കുന്ന തലത്തിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്ന് ഞാൻ കരുതുന്നു. അവരത് അർഹിക്കുന്നുണ്ട്."

"ഞങ്ങൾക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. അതിനുള്ള വഴിയും എനിക്കറിയാമെങ്കിലും അതിവിടെ ഞാൻ പറയുന്നില്ല. കാരണം എന്റെ ഭാഗത്തു നിന്നും അതു പറയുന്നത് ധാർമികമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് പറയാനുള്ളത് ഞങ്ങൾക്ക് ഇനിയും മികച്ചതാവാൻ കഴിയുമെന്നാണ്- എല്ലാവർക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനപ്പെട്ട പലതും അർഹിക്കുന്നു, ഞങ്ങൾക്കിതിൽ മാറ്റങ്ങൾ വരുത്തണം."

"എനിക്കിവിടെ ആറാം സ്ഥാനത്തോ ഏഴാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തു പോലുമോ എത്തുകയല്ല വേണ്ടത്. വിജയങ്ങൾ നേടാനും മത്സരിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ഞങ്ങൾ പോരാടുന്നുണ്ടെങ്കിലും ഇതുവരെയും ഞങ്ങളുടെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടില്ല. എന്നാൽ മനോഭാവത്തിൽ മാറ്റം വന്നാൽ ഇനിയും ഒരുപാട് മെച്ചപ്പെടാനും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും." റൊണാൾഡോ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.