Football in Malayalam

"പ്രതിരോധമതിലിൽ നിൽക്കാൻ റൊണാൾഡോക്കറിയില്ല" - യുവന്റസിന്റെ തോൽ‌വിയിൽ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

Sreejith N
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/Getty Images
facebooktwitterreddit

ആദ്യപാദത്തിലെ തോൽവിക്ക് ശേഷം പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷ മുഴുവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയിലായിരുന്നു. നിർണായകമായ മത്സരങ്ങളിൽ തിളങ്ങാനുള്ള തന്റെ കഴിവ് മുൻപ് പലതവണ പ്രകടിപ്പിച്ചിട്ടുള്ള താരം യുവന്റസിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുമെന്ന് ആരാധകർ കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്. മാത്രമല്ല, യുവന്റസിന്റെ പുറത്താവലിൽ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും റൊണാൾഡോയാണ്.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ പോർട്ടോ നേടിയ നിർണായക ഫ്രീ കിക്ക് ഗോളിൽ ഡിഫെൻസിവ് വാളിൽ റൊണാൾഡോ വരുത്തിയ പിഴവാണ് താരത്തിനെതിരായ വിമർശനങ്ങൾക്കു കാരണം. തൊണ്ണൂറാം മിനുട്ടു വരെ യുവന്റസ് 2-1നു മുന്നിലായതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. പത്ത് പേരുമായി രണ്ടാം പകുതിയുടെ തുടക്കം മുതൽ കളിച്ച പോർട്ടോക്ക് വേണ്ടി ഒലിവേരയാണ് എക്‌സ്ട്രാ ടൈമിൽ വിജയത്തിലേക്കെത്തിച്ച എവേ ഗോൾ കുറിച്ചത്.

പോർട്ടോയുടെ ആദ്യ ഗോൾ പെനാൽറ്റിയിലൂടെ നേടിയ ഒലിവേര ഫ്രീ കിക്ക് എടുക്കുന്ന സമയത്ത് യുവന്റസിന്റെ ഡിഫെൻസിവ് വാളിൽ മറ്റു താരങ്ങൾക്കൊപ്പം റൊണാൾഡൊയുമുണ്ടായിരുന്നു. എന്നാൽ ഷോട്ട് എടുക്കുന്ന സമയത്ത് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കേണ്ടിയിരുന്ന താരം അതിനു പകരം പുറം തിരിഞ്ഞു നിൽക്കുകയാണ് ചെയ്‌തത്‌. വളരെ ശക്തമായ ഒരു ഫ്രീകിക്ക് അല്ലായിരുന്നിട്ടു കൂടി അത് റൊണാൾഡോയുടെ കാലുകൾക്കിടയിലൂടെ പോയി ഗോളാവുകയും ചെയ്‌തു.

മത്സരത്തിന് ശേഷം ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഫ്രീകിക്ക് എടുക്കുമ്പോൾ വരുത്തിയ പിഴവിന് പുറമെ യുവന്റസിനു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ സഹായകമായ രീതിയിൽ യാതൊന്നും താരം കളിക്കളത്തിൽ ചെയ്‌തില്ലെന്നും ആരാധകർ ആരോപിക്കുന്നു. റൊണാൾഡോക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യം ഡിഫെൻസിവ് വാളിൽ നിൽക്കുകയെന്നതാണെന്നാണ് മുൻ ഇംഗ്ലീഷ് താരം ഗാരി ലിനേക്കർ അഭിപ്രായപ്പെട്ടത്.

ചില ട്വിറ്റർ പ്രതികരണങ്ങൾ:

facebooktwitterreddit