Football in Malayalam

'അത് ഭീരുത്വമായിരുന്നു' - റൊണാൾഡോ ഡി ബ്രൂയ്‌നെതിരെ നടത്തിയ ഫൗളിനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ സിറ്റി താരം

Sreejith N
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ സിറ്റി മധ്യനിര താരം കെവിൻ ഡി ബ്രൂയ്‌നെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ഫൗളിനെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരമായ ട്രെവർ സിൻക്ലെയർ. റൊണാൾഡോയുടെ നിരാശയിൽ നിന്നുമുണ്ടായ ആ ഫൗൾ നിലവാരം കുറഞ്ഞതും ഭീരുത്വവുമായിരുന്നുവെന്നാണ് സിൻക്ലെയർ അഭിപ്രായപ്പെട്ടത്.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിൽ നിൽക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി പന്തിന്മേൽ പൂർണമായും ആധിപത്യം സ്ഥാപിച്ചിരിക്കെയാണ് റൊണാൾഡോയുടെ അനാവശ്യ ടാക്കിൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫൗളിൽ ഡി ബ്രൂയ്ൻ നിലത്തു വീണു കിടക്കുമ്പോഴാണ് റൊണാൾഡോ താരത്തെ ടാക്കിൾ ചെയ്യാൻ ശ്രമിച്ചത്. ഇതേതുടർന്ന് റഫറി റൊണാൾഡോയെ താക്കീതു ചെയ്യുകയും ചെയ്‌തു.

"അതു നിലവാരം കുറഞ്ഞ ഒന്നായിരുന്നു. ആ ചാലഞ്ച് ബ്രൂണോ ഫെർണാണ്ടസിൽ നിന്നുമാണ് ആദ്യം വന്നത്. ആ ഫൗളിൽ താരം നിലത്തു കിടക്കുമ്പോഴാണ് റൊണാൾഡോയുടെതു വരുന്നത്. അത് ഒരു കാലു കൊണ്ടുള്ള ഫൗൾ മാത്രമായിരുന്നെങ്കിലും തന്റെ സ്റ്റഡുകൾ ഉയർത്തിയാണ് താരം ചാടിയത്. അതു വളരെ മോശമായ പ്രവൃത്തിയാണെന്ന് ഞാൻ കരുതുന്നു."

"അതു നിരാശയിൽ നിന്നും ഉണ്ടായതാവാമെങ്കിലും കുഴപ്പമില്ലെന്ന് കരുതാൻ കഴിയില്ല. അതൊരു മോശം ചലഞ്ച് ആയിരുന്നു, അതുകൊണ്ട് ഡി ബ്രൂയനു കുഴപ്പമൊന്നുമില്ലെന്നും ഞാൻ കരുതുന്നു. അത് ഭീരുത്വം നിറഞ്ഞതു കൂടിയായിരുന്നു. കുർട്ടിസ് ജോൺസിന്റേതടക്കം രണ്ടാമത്തെ തവണയാണ് താരം രക്ഷപ്പെട്ടു പോകുന്നത്. ഒരു വിജയിയായതു കൊണ്ടും തോൽക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടും താരത്തിന്റെ മനോനില നഷ്‌ടമായി," ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സിൻക്ലെയർ പറഞ്ഞു.

ഫൗളിനെ തുടർന്ന് ഡി ബ്രൂയ്നു പരിശോധന നടത്തിയെങ്കിലും താരം മത്സരം മുഴുവൻ പൂർത്തിയാക്കിയിരുന്നു. മത്സരത്തിൽ ഗ്വാർഡിയോള ഒരു താരത്തെ പോലും പിൻവലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ താരങ്ങൾ മുഴുവൻ സമയവും കളിക്കാൻ തയ്യാറായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ഗ്വാർഡിയോള പറഞ്ഞത്.


facebooktwitterreddit