ഖത്തറിനെതിരായ സൗഹൃദമത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Portugal v Qatar- International Friendly
Portugal v Qatar- International Friendly / Carlos Rodrigues/GettyImages
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നേടിയിരിക്കുന്ന റെക്കോർഡുകൾ നിരവധിയാണ്. സമീപകാലത്ത് അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ താരം കഴിഞ്ഞ ദിവസം ഖത്തറും പോർച്ചുഗലും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ എഴുതിച്ചേർക്കുകയുണ്ടായി.

ഖത്തറിനെതിരായ മത്സരം പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയുള്ള റൊണാൾഡോയുടെ 181ആമത്തെ മത്സരമായിരുന്നു. ഇതോടെ ഏറ്റവുമധികം അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. 180 മത്സരങ്ങൾ സ്പെയിനു വേണ്ടി കളിച്ചിട്ടുള്ള തന്റെ മുൻ സഹതാരം സെർജിയോ റാമോസിന്റെ റെക്കോർഡാണ് റൊണാൾഡോ ഇന്നലത്തോടെ മറികടന്നത്.

റെക്കോർഡ് നേടിയ മത്സരത്തിൽ പോർചുഗലിനു വേണ്ടി ആദ്യത്തെ ഗോൾ കുറിച്ചതും റൊണാൾഡോ തന്നെയായിരുന്നു. മുപ്പത്തിയേഴാം മിനുട്ടിൽ ഡീഗോ ദാലട്ട് നൽകിയ പാസ് ബോക്‌സിനുള്ളിൽ ക്ലിയർ ചെയ്യാൻ ഖത്തർ താരത്തിനു പിഴച്ചപ്പോൾ പന്തു ലഭിച്ച റൊണാൾഡോ അനായാസം വല കുലുക്കുകയായിരുന്നു. അതിനു ശേഷം ജോസേ ഫോണ്ടെ, ആന്ദ്രേ സിൽവ എന്നിവരും പോർചുഗലിനു വേണ്ടി ലക്‌ഷ്യം കണ്ടു.

ഖത്തറിനെതിരെയും ഗോൾ കണ്ടെത്തിയതോടെ വ്യത്യസ്‌തമായ നാല്പത്തിയാറു രാജ്യങ്ങൾക്കെതിരെ ഗോൾനേട്ടമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിലാക്കിയിട്ടുണ്ട്. മുപ്പത്തിയാറാം വയസിലും തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന പോർച്ചുഗൽ നായകൻ നിലവിൽ 112 ഗോളുകൾ നേടിയാണ് അന്താരാഷ്‌ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.


facebooktwitterreddit