'ഞാൻ തീർന്നിട്ടില്ല' - ആരാധകർക്ക് സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

2021/22 സീസണിലെ ഓൾഡ് ട്രാഫോഡിലെ അവസാന മത്സരത്തിൽ പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന് ശേഷം ആരാധകർക്ക് 'ഞാൻ തീർന്നിട്ടില്ല' എന്ന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.
2021/22 സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് നിരാശാജനകമാണെങ്കിലും, വ്യക്തിഗതമായി മികച്ച പ്രകടനമാണ് റൊണാൾഡോ പുറത്തെടുക്കുന്നത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം പോർച്ചുഗീസ് സൂപ്പർതാരം 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളാണ് ക്ലബിന് വേണ്ടി ഇത് വരെ സ്വന്തമാക്കിയിട്ടുള്ളത്. 18 ഗോളുകളുമായി സീസണിലെ പ്രീമിയർ ലീഗ് ടോപ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും റൊണാൾഡോ ഉണ്ട്.
ബ്രെന്റ്ഫോർഡിനെതിരെ വിജയം കരസ്ഥമാക്കിയ മത്സരത്തിലും മികച്ച പ്രകടനമായിരുന്നു റൊണാൾഡോ പുറത്തെടുത്തത്. തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു.
Cristiano Ronaldo: “I’m not finished” ? #MUFC
— United Zone (@ManUnitedZone_) May 2, 2022
pic.twitter.com/dnP1L8EldN
മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ക്യാമറയിൽ നോക്കി 'ഞാൻ തീർന്നിട്ടില്ല' എന്ന് റൊണാൾഡോ പറഞ്ഞത്. തന്നെ എഴുതിതള്ളിയ വിമർശകർക്കുള്ള മറുപടിയായും, അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന സൂചനയായായും താരത്തിന്റെ വാക്കുകൾ വ്യാഖാനിക്കപ്പെടുന്നുണ്ട്. സീസണിൽ ഒരു ഘട്ടത്തിൽ ഗോളുകൾ കണ്ടെത്താൻ വിഷമിച്ചിരുന്ന റൊണാൾഡോ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി നേടിയ 12 ഗോളുകളിൽ ഒൻപതെണ്ണവും നേടിയിട്ടുള്ളത്.