Football in Malayalam

റൊണാൾഡോയുടെ രണ്ടാം മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം ന്യൂകാസിലിന് എതിരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സോൾഷെയർ

Ali Shibil Roshan
Cristiano Ronaldo
Cristiano Ronaldo / 90min
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം ന്യൂകാസിൽ യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും അപ്രതീക്ഷിതമായ ട്രാൻസ്ഫറുകളിൽ ഒന്നിലാണ് റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നത്. യുവന്റസ് വിടുന്ന താരം ചുവന്ന ചെകുത്താന്മാരുമായി രണ്ട് വർഷ കരാറിലാണ് ഒപ്പ് വെക്കുക.

നിലവിൽ പോർച്ചുഗലിലുള്ള റൊണാൾഡോ, അന്താരാഷ്ട്ര ബ്രേക്കിന് ശേഷമാവും തന്റെ രണ്ടാം മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം കുറിക്കുക. സെപ്റ്റംബർ 11ന് ഇന്ത്യൻ സമയം രാത്രി 7:30ന് നടക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരെയുള്ള മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയുള്ള റൊണാൾഡോയുടെ രണ്ടാം അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പരിശീലകനായ സോൾഷെയറും പ്രതീക്ഷിക്കുന്നത്.

"അവൻ [ന്യൂകാസിലിനെ നേരിടാൻ] ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," സോൾഷെയർ ബിബിസി സ്പോർട്ടിനോട് പറഞ്ഞു. "ഞങ്ങൾ അത് [റൊണാൾഡോയുടെ ഡീൽ] പൂർത്തിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്," മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ കൂട്ടിച്ചേർത്തു.

അതേ സമയം, മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചുവരവിന് മുന്നോടിയായി താരം ലിസ്ബണിൽ മെഡിക്കൽ പൂർത്തിയാക്കിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit