Football in Malayalam

വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ; കാഗ്ലിയാരിക്കെതിരെ 32-ം മിനുറ്റിൽ ഹാട്രിക്ക്

Gokul Manthara
Cagliari Calcio  v Juventus - Serie A
Cagliari Calcio v Juventus - Serie A / Enrico Locci/Getty Images
facebooktwitterreddit

തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ബൂട്ടിലൂടെ മറുപടി നൽകുന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശീലം. അതിന് ഈ മുപ്പത്തിയാറാം വയസിലും ഒരു മാറ്റവും വന്നിട്ടില്ല.‌യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായതിന് തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകാൻ റോണോയ്ക്ക് ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല. ക്ലാഗ്ലിയാരിക്കെതിരെ നടന്ന സീരി എ മത്സരത്തിൽ ഉജ്ജ്വല ഹാട്രിക്ക് നേടിയ താരം, വിമർശകരുടെ നാവ് അടപ്പിച്ചതിനൊപ്പം, അടുത്ത കാലത്തൊന്നും ഇനി തനിക്കെതിരെ ആരുടേയും സംസാരം ഉയരരുതെന്ന മുന്നറിയിപ്പും ഈ പ്രകടനത്തോടെ നൽകിക്കഴിഞ്ഞു.

ചാമ്പ്യന്മാർ ഒരിക്കലും തങ്ങളുടെ പ്രയത്നം അവസാനിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ച റോണോ, ഈ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് കാഗ്ലിയാരിക്കെതിരെ പുറത്തെടുത്തത്. മത്സരത്തിന്റെ പത്താം മിനുറ്റിൽ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ആദ്യ ഗോൾ പിറന്നത്. ഇരുപത്തിയഞ്ചാം മിനുറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി തന്റെ വലത് കാൽ കൊണ്ടെടുത്ത റോണോ യാതൊരു പിഴവുകളുമില്ലാതെ അത് ഗോളാക്കി മാറ്റി.

ഏഴ് മിനുറ്റുകൾ കൂടി പിന്നിട്ടപ്പോൾ താരത്തിന്റെ ഹാട്രിക്ക് ഗോളും പിറന്നു.‌ ഇക്കുറി തന്റെ ഇടം കാൽ ഉപയോഗിച്ചായിരുന്നു റോണോ ഗോൾവല കുലുക്കിയത്. കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളായി വിമർശനങ്ങളുടെ മുൾമുനയിൽ നിന്നിരുന്ന റോണോ വെറും മുപ്പത്തിരണ്ട് മിനുറ്റുകളിൽ ഹാട്രിക്ക് നേടിയത് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അത് പ്രകടവുമാണ്.

facebooktwitterreddit