ക്ലബ് കരിയറിലെ അൻപതാം ഹാട്രിക്ക് നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ 60ആമത്തെയും ക്ലബ് കരിയറിലെ 50ആമത്തെയും ഹാട്രിക്ക് നേടി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ വിജയം കരസ്ഥമാക്കിയ പ്രീമിയർ ലീഗ് മത്സരത്തിലാണ് റൊണാൾഡോ തന്റെ ക്ലബ് കരിയറിലെ 50ആം ഹാട്രിക്ക് അടിച്ചത്.
നോർവിച്ചിനെതിരെയുള്ള മത്സരത്തിന്റെ ഏഴാം മിനുറ്റിൽ ടാപ്പ് ഇന്നിലൂടെ ആദ്യ ഗോൾ നേടിയ റൊണാൾഡോ, 32ആം മിനുറ്റിൽ ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ 76ആം മിനുറ്റിൽ ഒരു തകർപ്പൻ ഫ്രീ-കിക്കിൽ നിന്നാണ് റൊണാൾഡോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. റൊണാൾഡോയുടെ കരിയറിലെ 58ആം ഫ്രീ-കിക്ക് ഗോൾ കൂടിയായിരുന്നു അത്. ഇതോടെ ഏറ്റവും കൂടുതൽ ഫ്രീ-കിക്കുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ലയണൽ മെസ്സിക്കൊപ്പമെത്താനും റൊണാൾഡോക്ക് കഴിഞ്ഞു.
അതേ സമയം, വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാമതെത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു. 32 മത്സരങ്ങളിൽ 54 പോയിന്റുകളാണ് ചുവന്ന ചെകുത്താന്മാരുടെ സമ്പാദ്യം. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 57 പോയിന്റുകളുള്ള ടോട്ടൻഹാം ഹോട്സ്പർ നാലാം സ്ഥാനത്തും, 31 മത്സരങ്ങളിൽ നിന്നും 54 പോയിന്റുകളുള്ള ആഴ്സണൽ ആറാം സ്ഥാനത്തുമാണ്. വിജയത്തോടെ, ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ വർധിപ്പിക്കാൻ യുണൈറ്റഡിനായി.