Football in Malayalam

പ്രായത്തെ വെല്ലുന്ന മാജിക്കുമായി റൊണാൾഡോ, സ്പെസിയക്കെതിരായ ഗോളിലൂടെ സ്വന്തമാക്കിയത് അപൂർവനേട്ടം

Sreejith N
Juventus v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Chris Ricco/Getty Images
facebooktwitterreddit

പ്രായം മുപ്പത്തിയാറു കഴിഞ്ഞിട്ടും തന്റെ മികവിനൊരു കോട്ടവും തട്ടിയിട്ടില്ലെന്നു വീണ്ടും തെളിയിച്ച് യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സ്പെസിയെക്കെതിരെ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ മത്സരത്തിൽ എൺപത്തിമൂന്നാം മിനുട്ടിൽ യുവന്റസിന്റെ മൂന്നാം ഗോൾ നേടിയതോടെ ഗോൾവേട്ടയിൽ അപൂർവമായ നേട്ടമാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്.

തന്റെ ഗോളോടെ കഴിഞ്ഞ പന്ത്രണ്ട് സീസണുകളിലായി യൂറോപ്പിലെ അഞ്ചു പ്രധാനപ്പെട്ട ലീഗുകളിൽ ഇരുപതോ അതിലധികമോ ഗോൾ നേടുന്ന ഒരേയൊരു താരമെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന സീസണിൽ 18 ഗോൾ നേടിയതിനു ശേഷം 2009-10 സീസണിൽ റയൽ മാഡ്രിഡിനൊപ്പം തുടങ്ങിയ കുതിപ്പ് ഈ പ്രായത്തിലും അതുപോലെ തുടരുകയാണ് റൊണാൾഡോ.

റയലിനൊപ്പമുണ്ടായിരുന്ന ഒൻപതു സീസണുകളിൽ ഓരോന്നിലും ഇരുപത്തിയഞ്ചിൽ കുറയാത്ത ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഇതുകൂടാതെ മൂന്നു സീസണുകളിൽ താരം നാൽപതോ അതിലധികമോ ഗോളുകളും സ്വന്തമാക്കി. യുവന്റസിലെത്തിയതിനു ശേഷം ആദ്യത്തെ രണ്ടു സീസണുകളിൽ അമ്പത്തിരണ്ട് ഗോളുകൾ നേടിയ റൊണാൾഡോ ഈ സീസണിൽ നേടിയ ഇരുപതു ലീഗ് ഗോളുകൾക്ക് പുറമെ ഏഴു ഗോളുകൾ മറ്റു ടൂർണമെന്റുകളിലും നേടിയിട്ടുണ്ട്.

സ്പെസിയക്കെതിരായ മത്സരത്തിൽ അൽവാരോ മൊറാട്ട, ഫെഡറികോ ചിയേസ എന്നിവരാണ് യുവന്റസിന്റെ മറ്റു ഗോളുകൾ നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ യുവന്റസിന് കഴിഞ്ഞു. അന്പത്തിയാറു പോയിന്റുമായി ഇന്റർ മിലാൻ ഒന്നാമതും അമ്പത്തിരണ്ട് പോയിന്റുമായി എസി മിലാൻ രണ്ടാമതും നിൽക്കുന്ന പട്ടികയിൽ യുവന്റസിന് നാല്പത്തിയൊമ്പതു പോയിന്റാണുള്ളത്.

facebooktwitterreddit