മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് വെക്കേഷനു വേണ്ടിയല്ല, നാലു വർഷങ്ങൾ ക്ലബിനൊപ്പമുണ്ടാകുമെന്ന സൂചകൾ നൽകി റൊണാൾഡോ


വെക്കേഷനു വേണ്ടിയല്ല, വീണ്ടും വിജയങ്ങൾ നേടുകയെന്ന ലക്ഷ്യവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതെന്ന് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മൂന്നോ നാലോ വർഷങ്ങൾ ഉണ്ടാകുമെന്ന സൂചനകളും റൊണാൾഡോ നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ച റൊണാൾഡോ ക്ലബിലെ മുൻ സഹതാരമായ വെസ് ബ്രൗണിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരിച്ചു വരവിൽ സഹായിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് റൊണാൾഡോയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതിനാണ് ഞാനിവിടെയുള്ളത്. ഞാനിവിടെ എത്തിയത് ഒരു വെക്കേഷനു വേണ്ടിയല്ല. മുൻപ് പറഞ്ഞിട്ടുള്ളതു പോലെ പ്രധാനപ്പെട്ട വിജയങ്ങൾ നേടിയ, ഞാനീ ജേഴ്സിയണിഞ്ഞ പഴയ കാലഘട്ടം മികച്ചതായിരുന്നു. പക്ഷെ വീണ്ടും വിജയങ്ങൾ നേടാനാണ് ഞാനിവിടെ എത്തിയിട്ടുള്ളത്."
Cristiano Ronaldo has revealed the reason why he has returned to Manchester United...#bbcfootball
— BBC Sport (@BBCSport) September 9, 2021
"എനിക്കും എന്റെ ടീമിലെ സഹതാരങ്ങൾക്കും അതിനുള്ള കഴിവുണ്ട്. ഞാൻ അതിനു വേണ്ടി മുന്നോട്ടു പോകാൻ തയ്യാറാണ്. എനിക്കും, ക്ലബ്ബിനെ പിന്തുണക്കുന്നവർക്കും ക്ലബിനും ഒരു പടി മുന്നേറാനുള്ള അവസരമാണിത്. ഞാൻ തയ്യാറായിരിക്കുന്നു. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഞാനൊരു വലിയ കാര്യമാകുമെന്നാണ് കരുതുന്നത്." റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് പറഞ്ഞു.
"ഞാനിവിടെയുള്ളത് വിജയം നേടാനാണ്. പലരും പ്രായത്തെപ്പറ്റി സംസാരിക്കുമെങ്കിലും ഞാൻ വ്യത്യസ്തനാണെന്ന് അവർ മനസിലാക്കണം. മറ്റുള്ളവരിൽ നിന്നെല്ലാം ഞാൻ വ്യത്യസ്തനാണു. ഓരോ വർഷവും ഞാനതിനു വേണ്ടി കാത്തിരിക്കയാണ്. ഈ വർഷവും അതുപോലെ തന്നെയാകും. എന്റെ സഹതാരങ്ങൾക്കും ടീമിനുമൊപ്പം അതു ചെയ്യാൻ കഴിയുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. പിന്തുണക്കുന്നവർ ഞങ്ങളുടെ പക്ഷത്തുണ്ടാകും." റൊണാൾഡോ വ്യക്തമാക്കി.
2003ൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും 12 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ മൂന്നു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ എട്ടു പ്രധാന കിരീടങ്ങൾ ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 292 മത്സരങ്ങളിൽ നിന്നും റെഡ് ഡെവിൾസിനായി 118 ഗോളുകൾ നേടിയ താരം ആദ്യത്തെ ബാലൺ ഡി ഓർ സ്വന്തമാക്കുന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണ്. നാളെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കുന്ന മത്സരത്തിലാവും റൊണാൾഡോ ക്ലബിൽ രണ്ടാം അരങ്ങേറ്റം കുറിക്കുക.