Football in Malayalam

'ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം' - മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് റൊണാൾഡോ

By Gokul Manthara
Manchester United Training & Press Conference
Manchester United Training & Press Conference / Stu Forster/Getty Images
facebooktwitterreddit

12 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വരാനുള്ളത് കരിയറിൽ താൻ കൈക്കൊണ്ട ഏറ്റവും മികച്ച തീരുമാനമാണെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ് തന്നെ വളരെയധികം സന്തോഷവാനാക്കുന്നുവെന്ന് വ്യക്തമാക്കിയ റോണോ, ക്ലബ്ബിൽ ചരിത്രം സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. യുണൈറ്റഡുമായി കരാർ ഒപ്പു വെച്ചതിന് ശേഷം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്നാണ് (യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവ്) എനിക്ക് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ അത്‌ വളരെ ശരിയായ തീരുമാനമാണ്. ഞാൻ ഇപ്പോൾ യുവന്റസിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് മാറി. ഇതൊരു പുതിയ അധ്യായമാണ്. ഞാൻ വളരെയധികം സന്തുഷ്ടനാണ്. ചരിത്രം സൃഷ്ടിക്കുന്നതിന്, മികച്ച ഫലങ്ങൾ നേടുന്നതിന്, ട്രോഫികൾ നേടുന്നതിന്, വലിയ കാര്യങ്ങൾ സ്വന്തമാക്കുന്നതിനൊക്കെ മാഞ്ചസ്റ്ററിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യറുമായി താൻ സംസാരിച്ചതായി വെളിപ്പെടുത്തിയ റൊണാൾഡോ, എന്നാൽ തന്നിൽ നിന്ന് അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാൻ മുഖാമുഖം സംസാരിക്കേണ്ടതുണ്ടെന്നും, അതിന് സമയമുണ്ടെന്നും വ്യക്തമാക്കി. മുൻപ് ക്ലബ്ബിൽ ഒരുമിച്ച് കളിച്ചിട്ടുള്ള അദ്ദേഹവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്ന് പറയാനും സംസാരത്തിനിടെ റൊണാൾഡോ മറന്നില്ല.

"ഞങ്ങൾ ചാറ്റ് ചെയ്തു. പക്ഷേ അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയുന്നതിന് മുഖാമുഖം സംസാരിക്കാൻ എനിക്ക് സമയമുണ്ട്. നിങ്ങൾക്കറിയാവുന്നത് പോലെ‌ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ അദ്ദേഹത്തോടൊപ്പം രണ്ടോ, മൂന്നോ വർഷം ഒരുമിച്ച് കളിച്ചു. അതിനാൽ എനിക്ക് അദ്ദേഹവുമായി മികച്ച ബന്ധമുണ്ട്. പക്ഷേ ഇപ്പോൾ രണ്ട് പേരും വ്യത്യസ്ത വേഷത്തിലാണ്. ഞാനൊരു കളിക്കാരനും, അദ്ദേഹം പരിശീലകനും. എന്നാൽ അതൊരു പ്രശ്നമല്ല. അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. മുൻപ് പറഞ്ഞത് പോലെ മികച്ച ഫലങ്ങൾ നേടുന്നതിന് ടീമിനെ സഹായിക്കാൻ ഞാൻ മാഞ്ചസ്റ്ററിലുണ്ട്. പരിശീലകന്, അദ്ദേഹത്തിന് ആവശ്യമുള്ള എന്തിന് വേണ്ടിയും എന്നെ ആശ്രയിക്കാം. ഞാൻ എല്ലാത്തിനും ലഭ്യമാണ്‌," റൊണാൾഡോ പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit