മോശം കുട്ടികൾക്ക് നല്ല കുട്ടികളെ ഇഷ്‌ടമാവാറില്ല, പ്രതിരോധം മികച്ചതല്ലെന്നു പറയുന്നവരുടെ വായടപ്പിക്കുമെന്ന് റൊണാൾഡോ

Sreejith N
Cristiano Ronaldo
Cristiano Ronaldo / Naomi Baker/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ സഹായിക്കുന്നില്ലെന്ന പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം നേടാൻ കഴിയാതെ വന്നതോടെയാണ് റൊണാൾഡോ ബാക്ക് ട്രാക്ക് ചെയ്യുന്നില്ലെന്നും അതുകൊണ്ട് സഹതാരങ്ങൾ അധികച്ചുമതല ഏറ്റെടുക്കേണ്ടി വന്നതാണ് യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് കാരണമെന്നുമുള്ള വിമർശനങ്ങൾ ഉയർന്നത്.

എന്നാൽ ടീമിന്റെ വിജയത്തിനായി പൊരുതുന്ന താരമാണ് താനെന്നും പ്രതിരോധത്തെ സഹായിക്കുന്നില്ലെന്ന പേരിൽ തനിക്കെതിരെ വിമർശനം നടത്തുന്നവരുടെ വായടപ്പിക്കുമെന്നും താരം പറഞ്ഞു. തന്നെക്കുറിച്ചു വിമർശനങ്ങൾ നടത്തുന്നവർ ഈ പ്രായത്തിലും തന്നിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്നും അതു നല്ല കാര്യമാണെന്നും റൊണാൾഡോ സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"എപ്പോഴാണ് ടീമിനു പ്രതിരോധത്തിൽ എന്റെ സഹായം വേണ്ടതെന്ന് എനിക്കറിയാം. പക്ഷെ ക്ലബിൽ എന്റെ ചുമതല വിജയം നേടുകയെന്നതാണ്, വിജയത്തിനായി സഹായിക്കുകയും ഗോളുകൾ നേടുകയുമാണ് എന്റെ ചുമതല. പ്രതിരോധവും എന്റെ ജോലിയുടെ ഭാഗമാണ്. എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണ് അവരതു കാണാതിരിക്കുന്നത്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ മുപ്പത്തിയാറു വയസായ, എല്ലാം നേടിയെടുത്ത ഞാൻ മോശം കാര്യങ്ങൾ കേൾക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?"

"ഞാൻ രാത്രിയിൽ നന്നായി ഉറങ്ങുന്നു, സമാധാനത്തോടു കൂടി തന്നെയാണ് ഞാൻ കിടക്കയിലേക്ക് പോകുന്നത്. ഇവരുടെ വായടപ്പിക്കാനും ഇനിയും വിജയങ്ങൾ നേടാനും കഴിയുമെന്നതു കൊണ്ട് അങ്ങിനെ തന്നെ തുടരും. വിമർശനം ഇതിന്റെ ഭാഗമാണ്, അതിലെനിക്ക് ആശങ്ക ഒട്ടും തന്നെയില്ല. അതിൽ ഞാൻ കാണുന്ന നല്ല കാര്യമെന്തെന്നു വെച്ചാൽ എന്റെ നിലവാരവും മൂല്യവും അറിയുന്നതു കൊണ്ടാണ് അവരെന്നെപ്പറ്റി ആശങ്കപ്പെടുന്നതും സംസാരിക്കുന്നതും."

"ഒരുദാഹരണം പറയാം. നിങ്ങളൊരു സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയാണെന്നു കരുതുക, ഒരു മോശം വിദ്യാർത്ഥിയോട് ഏറ്റവും നല്ല വിദ്യാർത്ഥിയെ ഇഷ്‌ടമാണോ എന്നു ചോദിച്ചാൽ ഇഷ്ടമല്ലെന്നു തന്നെയാണ് പറയുക. ഞാനിപ്പോഴും ഫുട്‍ബോളിനെ ആസ്വദിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജീവിതത്തിലെ പുതിയൊരു അധ്യായത്തിലുള്ള ഞാൻ, ഈ പ്രായത്തിലും ഇവിടെ നിൽക്കുന്നത് അതിനു തെളിവാണ്. വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശ്രമിക്കുമ്പോൾ അതിനു സഹായിക്കുകയാണ് എന്റെ ചുമതല," റൊണാൾഡോ വ്യക്തമാക്കി.


facebooktwitterreddit