യുവതലമുറക്കു പ്രചോദനം നൽകാൻ ഗോവയിൽ റൊണാൾഡോയുടെ പ്രതിമ അനാവരണം ചെയ്‌തു

FBL-ENG-PR-NEWCASTLE-MAN UTD
FBL-ENG-PR-NEWCASTLE-MAN UTD / PAUL ELLIS/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ ഇന്ത്യൻ സംസ്ഥാനമായ ഗോവയിൽ അനാവരണം ചെയ്യപ്പെട്ടു. യുവാക്കളെ ഫുട്ബോൾ കരിയർ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തും രാജ്യത്തും കായികമേഖലക്ക് വളർച്ചയുണ്ടാക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പ്രതിമ അനാവരണം ചെയ്യപ്പെട്ടത്.

"ഇതാദ്യമായാണ് റൊണാൾഡോയുടെ പ്രതിമ ഇന്ത്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ഇവിടുത്തെ യുവാക്കൾക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തിന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചത്." ഗോവയിലെ മന്ത്രിയായ മൈക്കൽ ലോബോ പറഞ്ഞു. ഇവിടെ നിന്നും സെൽഫികൾ എടുക്കുന്നതു വഴിയും പ്രതിമ കാണുന്നതിലൂടെയും യുവതലമുറക്ക് കൂടുതൽ പ്രചോദനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന വിശേഷണം നേടിയെടുത്ത താരമായ റൊണാൾഡോ ആ നേട്ടത്തിലേക്ക് എത്തിപ്പെടാൻ കടന്നു വന്ന വഴികൾ വളരെ കഠിനമായതാണ്. അഞ്ചു ചാമ്പ്യൻസ് ലീഗും അഞ്ചു ബാലൺ ഡി ഓറും സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ പോരാട്ടവീര്യവും ആത്മവിശ്വാസവും എന്നും പ്രശംസ നേടിയിട്ടുള്ളതും നിരവധി പേർക്ക് പ്രചോദനം നൽകുന്നതുമാണ്.

അതേസമയം റൊണാൾഡോയുടെ പ്രതിമ ഗോവയിൽ സ്ഥാപിച്ചതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഒരു പോർച്ചുഗീസ് കളിക്കാരന്റെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം ഗോവയിൽ നിന്നും ഇന്ത്യൻ ഫുട്ബോളിലേക്ക് ഉയർന്നു വന്നിട്ടുള്ള ബ്രൂണോ കുട്ടീന്യോ, സമീർ നായ്ക്ക് എന്നിവരുടെ പ്രതിമയാണ് സ്ഥാപിക്കേണ്ടതെന്ന് പലരും അഭിപ്രായപ്പെടുന്നു.

അതേസമയം റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ ഉയരുന്ന എതിർപ്പുകളിൽ അടിസ്ഥാനമില്ലെന്നാണ് മൈക്കൽ ലോബോ പറയുന്നത്. സംസ്ഥാനത്തും ഇന്ത്യയിലും ഫുട്ബോളിന്റെ വികാസം ഇഷ്ടപ്പെടാത്ത ആളുകളാണ് ഇതിനെതിരെ വിമർശനം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.