Football in Malayalam

റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിനോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Paris Saint-Germain v Real Madrid - UEFA Champions League Round of 16: Second Leg
Paris Saint-Germain v Real Madrid - UEFA Champions League Round of 16: Second Leg / Jean Catuffe/Getty Images
facebooktwitterreddit

ഈ സമ്മർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ മികച്ച ട്രാൻസ്‌ഫറാണ് റയൽ മാഡ്രിഡിൽ നിന്നും റാഫേൽ വരാനയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പ്രതിരോധത്തിൽ പലപ്പോഴും പാളിച്ച വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടുതൽ മെച്ചപ്പെടുത്താൻ റയലിനൊപ്പവും ഫ്രാൻസിനൊപ്പവും ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരത്തിനു കഴിയുമെന്നതിൽ സംശയമില്ല.

ട്രാൻസ്‌ഫർ അംഗീകരിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ അറിയിച്ചെങ്കിലും വരാനെയുടെ സൈനിങ്‌ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനു മുൻപ് ഓൾഡ് ട്രാഫോഡിലെ എഴുപതിനായിരം വരുന്ന കാണികൾക്കു മുന്നിൽ താരത്തെ അവതരിപ്പിക്കുകയും ചെയ്‌തു. ഇതിന്റെ പിന്നാലെ ഫ്രഞ്ച് പ്രതിരോധ താരത്തിന്റെ ട്രാൻസ്‌ഫറിനെ അഭിനന്ദിച്ചു രംഗത്തെത്തിയത് റയലിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും മുൻ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ റിയോ ഫെർഡിനാൻഡ് തന്റെ ഇൻസ്റ്റാഗ്രാമിൽ റാഫേൽ വരാനയെ സ്വാഗതം ചെയ്‌തിട്ട പോസ്റ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രതികരണം അറിയിച്ചത്. താരത്തെ ഓൾഡ് ട്രാഫോഡിൽ അവതരിപ്പിക്കുന്ന വീഡിയോ റിയോ ഫെർഡിനാൻഡ് പങ്കു വെച്ചപ്പോൾ അതിനു കീഴിൽ "മഹത്തായ സൈനിങ്‌" എന്നാണു ക്രിസ്ത്യാനോ റൊണാൾഡോ കുറിച്ചത്.

റാഫേൽ വരാനെ അടക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങൾ ടീമിന് പുതിയൊരു ഊർജ്ജം നൽകിയിട്ടുണ്ടെന്ന് ആദ്യ മത്സരത്തിലെ പ്രകടനം തന്നെ വ്യക്തമാക്കുന്നു. മികച്ച പ്രകടനം മാത്രമേ ടീമിലെ സ്ഥാനം ഉറപ്പിക്കൂ എന്നറിയാവുന്ന താരങ്ങൾ തിളങ്ങിയപ്പോൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യത്തെ മത്സരത്തിൽ ലീഡ്‌സിനെ തറ പറ്റിച്ചത്.

facebooktwitterreddit