Football in Malayalam

ആ തീരുമാനം എന്ത്, ആരാധകരിൽ ചോദ്യങ്ങളുയർത്തി റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Sreejith N
Belgium v Portugal - UEFA Euro 2020: Round of 16
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images
facebooktwitterreddit

റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി ഫുട്ബോൾ ലോകത്തു സജീവമാണ്. അടുത്ത സീസണിൽ താരം യുവന്റസിൽ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുമോയെന്ന കാര്യത്തിൽ ആരാധകർ വ്യക്തത ആഗ്രഹിക്കുന്നു. ഇതു സംബന്ധിച്ച നിരവധി വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കെ റൊണാൾഡോയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകരിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

നിലവിൽ അവധിക്കാലം ആഘോഷിച്ചു കൊണ്ടിരിക്കുന്ന റൊണാൾഡോ അവിടെ നിന്നുമുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്‌തിരിക്കുന്നത്‌. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തന്റെ റോൾസ് റോയ്‌സ് കാറിനൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രം പോസ്റ്റു ചെയ്‌ത റൊണാൾഡോ അതിനു നൽകിയ തലക്കെട്ടാണ് ആരാധകരിൽ ചോദ്യങ്ങൾ ഉയർത്തുന്നത്. "തീരുമാനങ്ങൾ എടുക്കുന്ന ദിവസം" എന്നാണു താരം തലക്കെട്ടു നൽകിയിരിക്കുന്നത്.

എന്തിനെക്കുറിച്ചാണ് റൊണാൾഡോയുടെ തീരുമാനം എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. താരം യുവന്റസ് വിടുമോ അതോ മെസിയെപ്പോലെ ശമ്പളം വെട്ടിക്കുറച്ച് ഒരു വർഷത്തേക്കു കൂടി ഇറ്റാലിയൻ ക്ലബുമായി കരാർ പുതുക്കി തുടരുമോ എന്നതിനെക്കുറിച്ചെല്ലാം ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ സംവദിച്ചു തുടങ്ങിയിട്ടുണ്ട്. റൊണാൾഡോയുടെ ചിത്രത്തിനു കീഴിലും ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണിൽ സീരി എയിലെ ടോപ് സ്കോററായ റൊണാൾഡോ 29 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അതിനു പിന്നാലെ നടന്ന യൂറോ കപ്പ് ടൂർണമെന്റിലും അഞ്ചു ഗോളുകളോടെ താരം ടോപ് സ്കോററായി. പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളിലേക്ക് റൊണാൾഡോ ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ സൂചനകൾ പ്രകാരം റൊണാൾഡോ അടുത്ത സീസണിലും യുവന്റസിൽ തന്നെ തുടരും.

facebooktwitterreddit