Football in Malayalam

അത്ലറ്റികോ മാഡ്രിഡിനെ രണ്ടാം പാദത്തിൽ മറികടക്കാനാകും, ആത്മവിശ്വാസത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League
Atletico Madrid v Manchester United: Round Of Sixteen Leg One - UEFA Champions League / Gonzalo Arroyo Moreno/GettyImages
facebooktwitterreddit

വാൻഡ മെട്രോപ്പോളിറ്റാനോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡുമായി സമനില വഴങ്ങേണ്ടി വന്നെങ്കിലും ഓൾഡ് ട്രാഫോഡിൽ വെച്ചു നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ അവരെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിനു ശേഷം ഇൻസ്റാഗ്രാമിലൂടെ നൽകിയ സന്ദേശത്തിൽ മാഡ്രിഡിലേക്ക് വീണ്ടും തിരിച്ചെത്തിയതിലുള്ള സന്തോഷവും താരം പ്രകടിപ്പിച്ചു.

കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനം ഈ സീസണിൽ ആവർത്തിക്കാൻ കഴിയാതെ ടോപ് ഫോർ ഉറപ്പിക്കാൻ വേണ്ടി പൊരുതുന്ന രണ്ടു ടീമുകളായ അത്ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ജോവോ ഫെലിക്‌സ് അത്ലറ്റികോയെ മുന്നിലെത്തിച്ചെങ്കിലും എൺപതാം മിനുട്ടിൽ എലാങ്ക നേടിയ ഗോളാണ് യുണൈറ്റഡിന് നിർണായകമായ സമനില നൽകിയത്.

മത്സരത്തിൽ പൊതുവെ നിശബ്‌ദനായിരുന്ന റൊണാൾഡോക്ക് ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം തന്റെ സഹതാരങ്ങൾക്ക് ആത്മവിശ്വാസം നൽകി താരം രംഗത്തെത്തി. " മാഡ്രിഡിലേക്ക് തിരിച്ചെത്തിയത് വലിയൊരു സന്തോഷമാണ്. ഞാൻ എന്റെ വീടെന്ന് വിളിക്കാൻ പഠിച്ച ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്." റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"വലിയ അനുഭവം, മികച്ച താരങ്ങൾ, നല്ലൊരു മത്സരം, ഇതാണു ചാമ്പ്യൻസ് ലീഗ്. എല്ലാ ക്ലബ് മത്സരങ്ങളുടെയും മാതാവ്. ഇപ്പോൾ നമ്മുടെ സ്റ്റേഡിയത്തിൽ വെച്ച് ഇതു പൂർത്തിയാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഓൾഡ് ട്രാഫോഡ് എന്തു കൊണ്ടാണ് എല്ലായിപ്പോഴും തീയറ്റർ ഓഫ് ഡ്രീംസ് ആയി കണക്കാക്കപ്പെടുന്നതെന്ന് എല്ലാവരെയും കാണിക്കണം."

"നിങ്ങളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദി. നിങ്ങളുടെ സാന്നിധ്യം ഞങ്ങളെ കരുത്തുറ്റതാക്കുന്നു. ഒരുമിച്ച് നമ്മൾ മുന്നോട്ടു പോകും." റൊണാൾഡോ കുറിച്ചു.

മാർച്ച് 15നാണ് മാഞ്ചസ്റ്റർ യുണൈറ്റഡും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്. ആദ്യപാദത്തിൽ നിറം മങ്ങിപ്പോയെങ്കിലും നിർണായകമത്സരങ്ങളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള റൊണാൾഡോയുടെ കരുത്തിൽ ക്വാർട്ടറിലേക്ക് മുന്നേറാമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit