മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിന് തിരിച്ചെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്റെ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തോടപ്പമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പരിശീലനത്തിന് തിരിച്ചെത്തിയതായി റിപോർട്ടുകൾ. കഴിഞ്ഞ ദിവസം കാരിങ്ടണില്‍ നടന്ന പരിശീലനത്തില്‍ ക്രിസ്റ്റ്യാനോ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റൊണാൾഡോയും അദ്ദേഹത്തിന്റെ പങ്കാളിയായ ജോർജിനോ റോഡ്രിഗസും ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലെ ആൺകുട്ടി മരിച്ചു പോയെന്ന് താരം തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് അവധി നല്‍കിയിരുന്നു.
ചൊവ്വാഴ്ച ലിവര്‍പൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നില്ല. ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ ഏഴാം മിനുറ്റിൽ ഇരു ടീമുകളുടെയും ആരാധകർ റൊണാൾഡോയുടെ കുഞ്ഞിന് ആദരമര്‍പ്പിക്കുകയും, അവർ നൽകിയ പിന്തുണക്ക് താരത്തിന്റെ കുടംബം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ഇന്നലെ കാരിങ്ടണില്‍ നടന്ന പരിശീലനത്തിന്റെ മുഴുവന്‍ സമയവും ക്രിസ്റ്റ്യാനോ ടീമിനൊപ്പമുണ്ടായിരുന്നതായാണ് വിവിധ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അതേ സമയം, പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ആഴ്സണലിനെ നേരിടാനൊരുങ്ങുന്ന യുണൈറ്റഡിന്റെ ടീമില്‍ റൊണാൾഡോ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. റൊണാൾഡോയെയും കുടുംബത്തെയും പിന്തുണക്കുന്നതിന് ആവശ്യമായ സമയം നല്‍കുമെന്നാണ് യുണൈറ്റഡ് വ്യക്തമാക്കുന്നത്.
നേരത്തെ, റൊണാൾഡോയുടെ അഭാവത്തില്‍ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ആന്റണി എലാങ്ക എന്നിവരായിരുന്നു റൊണാൾഡോയുടെ അഭാവത്തില്‍ ചുവന്ന ചെകുത്താന്മാരുടെ മുന്നേറ്റത്തില്‍ കളിച്ചതെങ്കിലും ഒരു ഗോള്‍ പോലും ലിവര്‍പൂളിന്റെ വലയിലെത്തിക്കാന്‍ മുന്നേറ്റ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താന്‍ കഠിന ശ്രമം നടത്തുന്ന യുണൈറ്റഡിന് ലീഗില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്.