"ആരാധകർക്കും എനിക്കും അതല്ല വേണ്ടത്"- പോർച്ചുഗീസ് ടീമിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് റൊണാൾഡോ


പോർച്ചുഗീസ് ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള സാധ്യതകൾ തള്ളി നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പത്തിയേഴു വയസിലേക്ക് എടുക്കുമ്പോഴും കളിക്കളത്തിൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം ഇനിയും നിരവധി കിരീടങ്ങൾ നേടാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. സ്കൈ സ്പോർട്സ് ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും റിട്ടയർ ചെയ്യുന്നതിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിച്ചത്.
"എന്തിനു? എന്റെ സമയം ഇപ്പോഴുമായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അതല്ല ആളുകൾക്ക് വേണ്ടത്, എനിക്കു വേണ്ടതും അതല്ല." റൊണാൾഡോ മറുപടി പറഞ്ഞു.
Cristiano Ronaldo responds to Portugal Retirement suggestions, says 'It's not my time!' https://t.co/wBiLvQLRE3
— Republic (@republic) October 23, 2021
"എനിക്ക് ഓടാനും, ഡ്രിബിൾ ചെയ്യാനും, ഷൂട്ട് ചെയ്യാനും കഴിയാതെ കരുത്തെല്ലാം ചോർന്നുവെന്നു തോന്നുമ്പോഴായിരിക്കും അത്. എന്നാൽ ഇപ്പോഴും അതെല്ലാം ഉള്ളതു കൊണ്ടും വേണ്ടത്ര ഉത്സാഹം ഉള്ളതിനാലും എനിക്കു തുടരുക തന്നെ വേണം. പ്രചോദനം എന്നതാണ് എനിക്കെന്റെ കാര്യങ്ങൾ ചെയാൻ ഊർജ്ജം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട വാക്ക്. ആളുകൾക്കും ആരാധകർക്കും എനിക്കും കുടുംബത്തിനും സന്തോഷം നൽകി എന്റെ തലം ഇനിയുമുയർത്തണം." റൊണാൾഡോ വ്യക്തമാക്കി.
"നിങ്ങൾ പോർചുഗലിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകളും വിജയങ്ങളും അസിസ്റ്റുകളുമെല്ലാം എനിക്കാണ്. പക്ഷെ എനിക്കു മുന്നോട്ടു പോകണം. എനിക്കു ഫുട്ബോൾ കളിക്കാനിഷ്ടമാണ്. ആളുകളെ സന്തോഷിപ്പിക്കുമ്പോൾ എനിക്കും സന്തോഷമാണ്." റൊണാൾഡോ കൂട്ടിച്ചേർത്തു.
താനടക്കമുള്ള പുതിയ താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഈ സീസണിൽ ടീമിനോട് ഇണങ്ങിച്ചേരാൻ സമയം എടുക്കുമെന്നും എന്നാൽ പതിയെപ്പതിയെ എല്ലാ കാര്യങ്ങളും സാധ്യമാകുമെന്നും റൊണാൾഡോ പറയുന്നു. ടീം മുഴുവൻ ഒറ്റക്കെട്ടായി നിന്നാൽ വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാകുമെന്നും കിരീടങ്ങൾ നേടാൻ ടീമിനു കഴിയുമെന്നും റൊണാൾഡോ പറഞ്ഞു.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അറ്റലാന്റാക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം സമ്മാനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത മത്സരത്തിൽ ലിവർപൂളിനെയാണ് നേരിടുന്നത്. ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ വരുന്ന ലിവർപൂളിന് തന്നെയാണ് മത്സരത്തിൽ മുൻതൂക്കമെങ്കിലും റൊണാൾഡോയിൽ ആരാധകർക്കു വളരെ പ്രതീക്ഷയുണ്ട്.