റൊണാൾഡോക്ക് ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലമുള്ള കരാർ വാഗ്‌ദാനം ചെയ്‌ത് സൗദി അറേബ്യൻ ക്ലബ്
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാഗ്‌ദാനം ചെയ്‌തുള്ള വമ്പൻ കരാർ സൗദി അറേബ്യയിൽ നിന്നുള്ള ക്ലബ് വാഗ്‌ദാനം ചെയ്‌തതായി റിപ്പോർട്ടുകൾ. പോർച്ചുഗീസ് മാധ്യമമായ സിഎൻഎൻ പോർച്ചുഗൽ പുറത്തു വിട്ട റിപ്പോർട്ടുകൾ ഏതു ക്ലബാണ് ഓഫർ നൽകിയതെന്ന കാര്യം വ്യക്തമല്ലെന്നും പറയുന്നു.
റൊണാൾഡോ ഓഫർ സ്വീകരിച്ചാൽ മുപ്പതു മില്യൺ യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകാൻ സൗദി ക്ലബ് തയ്യാറാണ്. യുവന്റസിൽ നിന്നും റൊണാൾഡോയെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചിലവഴിച്ചതിനേക്കാൾ കൂടുതലാണ് ഈ തുക. ഏജന്റ് ഫീസായി ഇരുപതു മില്യൺ യൂറോ വേറെ നൽകാനും സൗദി അറേബ്യൻ ക്ലബ് തയ്യാറാണ്.
Cristiano Ronaldo has been offered a staggering €250m contract to play in Saudi Arabia 🤯 pic.twitter.com/jVuQklN4a9
— SPORTbible (@sportbible) July 13, 2022
ഇതിനു പുറമെ താരത്തിന് വമ്പൻ പ്രതിഫലമാണ് ക്ലബ് ഓഫർ ചെയ്‌തിരിക്കുന്നത്. ഒരു വർഷത്തിൽ 105 മില്യൺ പൗണ്ട് എന്ന കണക്കിൽ 210 മില്യൺ പൗണ്ട് പ്രതിഫലം നൽകുന്ന രണ്ടു വർഷത്തെ കരാറാണ് മുപ്പത്തിയേഴു വയസുള്ള റൊണാൾഡോക്ക് ലഭിച്ചിരിക്കുന്ന ഓഫർ.
കഴിഞ്ഞ സമ്മറിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത്. തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തി ടീമിന്റെ ടോപ് സ്കോററായി താരം സീസൺ പൂർത്തിയാക്കി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞില്ല. ഇതാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹമുണ്ടെങ്കിലും സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ റൊണാൾഡോ നിരസിക്കും എന്നുറപ്പാണ്. യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബിലെത്താനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.