Football in Malayalam

ഇരട്ടഗോളുകളിലൂടെ സോൾഷെയറെ മറികടന്ന് റൊണാൾഡോ, അറ്റലാന്റാക്കെതിരെ ഭാഗ്യം കൂടെയുണ്ടായിരുന്നുവെന്ന് താരം

Sreejith N
Cristiano Ronaldo has surpassed Ole Gunnar Solskjaer's goal tally for Man Utd
Cristiano Ronaldo has surpassed Ole Gunnar Solskjaer's goal tally for Man Utd / Chloe Knott - Danehouse/Getty Images
facebooktwitterreddit

ഇറ്റാലിയൻ ക്ലബായ അറ്റലാന്റക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടു തവണ പുറകിലായിപ്പോയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ഇരട്ടഗോളുകൾ നേടിയതിലൂടെ പരിശീലകൻ സോൾഷെയറെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യപകുതിയിലും അതിനു ശേഷം തൊണ്ണൂറാം മിനുട്ടിലുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

ഇന്നലത്തെ മത്സരത്തിലെ ഇരട്ടഗോളുകളിലൂടെ ക്ലബിനു വേണ്ടി നേടിയ ഗോളുകളുടെ എണ്ണത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സോൾഷെയറെ മറികടന്നത്. രണ്ടു സമയങ്ങളിലായി 303 കളികൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച് 127 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം 366 മത്സരങ്ങൾ ക്ലബിനു വേണ്ടി കളിച്ച് 126 തവണയാണ് സോൾഷെയർ വലകുലുക്കിയിട്ടുള്ളത്.

"ഇതൊരു ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു. ബെർഗാമോയിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, എങ്കിലും അവസാനം വരെ ഞങ്ങൾ വിശ്വാസം കൈവിട്ടില്ല, ഞാൻ വളരെ സന്തോഷവാനാണ്." മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് താരം പറഞ്ഞു.

"ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല, അവസാനം വരെ ഞങ്ങൾ സ്വയം വിശ്വസിക്കും, ഇതു ഞങ്ങൾക്ക് നല്ലൊരു ഫലം തന്നെയാണ്. തുടക്കം ബുദ്ധിമുട്ടായിരുന്നു, അറ്റലാന്റ ഒരുപാട് സമ്മർദ്ദം ചെലുത്തുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവർക്ക് വളരെ മികച്ചൊരു പരിശീലകനുണ്ട്, ഞാൻ യുവന്റസിലുള്ള സമയത്ത് അവർക്കെതിരെ നടക്കുന്ന മത്സരമെല്ലാം വളരെ കടുപ്പമായിരുന്നു. അവസാനം കൊണ്ട് ഞങ്ങൾക്ക് കുറച്ച് ഭാഗ്യമുണ്ടായി, ഫുട്ബോൾ അതു തന്നെയാണ്."

"ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ട്, വ്യത്യസ്തമായ കളിക്കാരും, വ്യത്യസ്‌തമായ സിസ്റ്റവും ഞങ്ങൾക്കുണ്ട്, ഓരോരുത്തരുമായും ഞങ്ങൾ ഇണങ്ങിച്ചേരണം, എന്നാൽ അതിനു സമയമെടുക്കും. ഞങ്ങൾക്ക് മെച്ചപ്പെടാനും കൂടുതൽ മികച്ചതാവാനും സമയമുണ്ട്." റൊണാൾഡോ വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ ഇതുവരെ 11 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. അതിൽ നാലു ഗോളുകളും ചാമ്പ്യൻസ് ലീഗിലായിരുന്നു. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.


facebooktwitterreddit