Football in Malayalam

വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും മൈതാനത്ത് മറുപടി, എണ്ണൂറാം ഗോൾനേട്ടം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Manchester United v Arsenal - Premier League
Manchester United v Arsenal - Premier League / Alex Livesey/GettyImages
facebooktwitterreddit

ലയണൽ മെസി ഏഴാമത് ബാലൺ ഡി ഓർ ഉയത്തിയതിനു ശേഷം പല ഭാഗത്തു നിന്നും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും കളിക്കളത്തിൽ മറുപടി നൽകി മറ്റൊരു സുവർണനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നേടിയ ഇരട്ടഗോളുകളിലൂടെ കരിയറിൽ 800 ഗോളുകളെന്ന അപൂർവനേട്ടമാണ് റൊണാൾഡോ മറികടന്നത്.

ഔദ്യോഗികമായ ഗോളുകളുടെ എണ്ണത്തിൽ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായ പെലെയെക്കാൾ മുന്നിൽ നേരത്തെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലത്തെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് നൽകിയ അസിസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ കുറിച്ചാണ് അപൂർവനേട്ടം സ്വന്തം പേരിലാക്കിയത്. അതിനു ശേഷം ആഴ്‌സണൽ സമനില നേടിയെങ്കിലും പെനാൽറ്റിയിലൂടെ വലകുലുക്കി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയവും റൊണാൾഡോ ടീമിന് സമ്മാനിച്ചു.

സ്പോർട്ടിങ് ലിസ്ബണിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന സമയത്ത് ഒരു വിങ്ങറായിരുന്ന റൊണാൾഡോ ഇംഗ്ലീഷ് ക്ലബിലൂടെയാണ് ലോകം കണ്ട ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് ചുവടു വെക്കുന്നത്. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ബാലൺ ഡി ഓർ നേടിയ റൊണാൾഡോ അതിന്റെ അടുത്ത വർഷം സ്‌പാനിഷ്‌ ക്ലബ് റയൽ മാഡ്രിഡിലേക്ക് എത്തിയതോടെയാണ് താരം പൂർണമായ വളർച്ച കൈവരിക്കുന്നത്.

റയൽ മാഡ്രിഡിൽ വെച്ച് ഒരു സ്‌ട്രൈക്കർ എന്ന നിലയിലേക്ക് പൂർണമായും മാറിയ റൊണാൾഡോ പിന്നീട് അവിടെ കളിച്ച എല്ലാ സീസണിലും ടീമിന്റെ ടോപ് സ്കോററായിരുന്നു. റയലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നാലു ബാലൺ ഡി ഓർ എന്നിവയടക്കം എണ്ണിയാലൊടുങ്ങാത്ത നിരവധി നേട്ടങ്ങളും സ്വന്തമാക്കിയതിനു ശേഷമാണ് യുവന്റസിലേക്ക് ചേക്കേറുന്നത്.

യുവന്റസിനൊപ്പമുള്ള താരത്തിന്റെ മൂന്നു വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എങ്കിലും ആ സീസണുകളിലെല്ലാം ടീമിന്റെ ടോപ് സ്‌കോറർ റൊണാൾഡോയായിരുന്നു. രണ്ടു സീരി എ അടക്കമുള്ള കിരീടനേട്ടങ്ങൾ ഇറ്റലിയിൽ സ്വന്തമാക്കിയ റൊണാൾഡോ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. നിലവിൽ ടീമിലെ ടോപ് സ്കോററായ താരം നിരവധി മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

റൊണാൾഡോയുടെ 801 ഗോളുകളിൽ അഞ്ചെണ്ണം മാത്രമാണ് ആദ്യത്തെ ക്ലബായ സ്പോർട്ടിങ്ങിനു വേണ്ടിയുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം രണ്ടു സമയങ്ങളിലായി 130 ഗോളുകൾ നേടിയ താരം റയൽ മാഡ്രിഡിനൊപ്പം 450 ഗോളുകൾ കുറിച്ചിട്ടുണ്ട്. ഇതിനു പുറമെ യുവന്റസിനായി 101 ഗോളുകളും പോർച്ചുഗൽ ടീമിനായി 115 ഗോളുകളും താരം നേടി. ഇനിയുമേറെ ഗോളുകൾ താരത്തിന്റെ ബൂട്ടുകളിൽ നിന്നും പ്രതീക്ഷിക്കാമെന്നു തന്നെയാണ് ഇന്നലത്തെ പ്രകടനം തെളിയിക്കുന്നത്.

facebooktwitterreddit