വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യുവതാരങ്ങള്‍ തയ്യാറാകണം; ക്രിസ്റ്റ്യാനോ റൊണാൾഡോ

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യുവതാരങ്ങള്‍ തയ്യാറാകണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗ് പ്രൊഡഷക്‌സിനോട് സംസാരിക്കുന്നതിനിടെയാണ് യുവതാരങ്ങള്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് പോർച്ചുഗീസ് സൂപ്പർതാരം അഭിപ്രായപ്പെട്ടത്.
"പക്വതയുള്ള കളിക്കാര്‍ക്ക് എപ്പോഴും യുവതാരങ്ങളെ സഹായിക്കാന്‍ കഴിയും. പക്ഷെ, ഞാന്‍ ഒരു ഉദാഹരണം പറയാം. ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം തന്നാല്‍, നിങ്ങൾ എന്നേക്കാൾ ഇളയത് ആണെങ്കിലും, അത് നിങ്ങൾ ദൈനംദിന ജീവിതത്തിൽ സ്വീകരിച്ചില്ലെങ്കിലും, കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും," ക്രിസ്റ്റ്യാനോ പറഞ്ഞു.
"എനിക്ക് 18,19,20 വയസായിരുന്നപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു, സീനിയര്‍ താരങ്ങള്‍ എന്നോട് പറഞ്ഞിരുന്നു, 'ക്രിസ്റ്റ്യാനോ നിങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. അവർ നമ്മളെക്കാൾ അറിയുന്നവരാണ്, അവര്‍ നമ്മളെക്കാള്‍ മികച്ച അനുഭവമുള്ളവരാണ്'.
"പക്ഷെ ചില ആളുകള്‍ (യുവതാരങ്ങള്‍) ഇത്തരം വിമര്‍ശനങ്ങളും ഉപദേശങ്ങളും സ്വീകരിക്കില്ല. ഞാന്‍ നമ്മുടെ താരങ്ങളെ കുറിച്ചല്ല, പൊതുവായ അഭിപ്രായം പറഞ്ഞതാണ്," ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഡ്രസിങ് റൂമില്‍ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍.
"എല്ലാ മത്സരങ്ങളും വ്യത്യസ്തമാണ്, സ്റ്റേഡിയം, കളിക്കാര്‍, രീതികള്‍ എല്ലാം വ്യത്യസ്തമാണ്. അതിനാല്‍ നമ്മള്‍ ബുദ്ധിമുട്ടുമ്പോള്‍, മത്സരത്തില്‍ കഷ്ടപ്പെടുമ്പോള്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. എന്നെ സംബന്ധിച്ചിടത്തോളം അത് കൊണ്ടാണ് ഈ ടീമിനെ 'യുണൈറ്റഡ്' എന്ന് വിളിക്കുന്നത്, അതുകൊണ്ട് ബുദ്ധിമുട്ടുള്ള സമയത്ത് നാം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്," ക്രിസ്റ്റ്യാനോ വാചലനായി. പ്രീമിയര്‍ ലീഗില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ താരങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന വാര്‍ത്ത പരക്കുന്നതിനിടെയുള്ള ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.