'റൊണാൾഡോയാണ് താരം': മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസത്തെ സെപ്റ്റംബർ മാസത്തെ പ്രീമിയർ ലീഗിലെ താരമായി തിരഞ്ഞെടുത്തു

പ്രീമിയർ ലീഗിലെ സെപ്റ്റംബർ മാസത്തെ താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തു.
ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ ജോവോ കാൻസെലോ, ചെൽസിയുടെ അന്റോണിയോ റുഡിഗർ, ന്യൂകാസിൽ യുണൈറ്റഡിന്റെ അലൻ സെയിന്റ്-മാക്സിമിൻ, വാറ്റ്‌ഫോഡിന്റെ ഇസ്‌മൈല സാർ എന്നിവരെ മറികടന്നാണ് റൊണാൾഡോ പുരസ്‌കാരത്തിന് അർഹനായത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ, ക്ലബിലേക്കുള്ള തന്റെ രണ്ടാം വരവിലെ ആദ്യ മാസം തന്നെ പ്രീമിയർ ലീഗിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്, പുതിയ സാഹചര്യങ്ങളുമായി എത്രപെട്ടെന്നാണ് താരം ഇണങ്ങി ചേർന്നതെന്ന് വ്യക്തമാക്കുന്നു.
Welcome back to the #PL, @Cristiano ??#MUFC
— Manchester United (@ManUtd) October 8, 2021
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയുള്ള തന്റെ രണ്ടാം അരങ്ങേറ്റത്തിലെ ആദ്യ മത്സരത്തിൽ ന്യൂകാസിലിനെതിരെ ഇരട്ടഗോളുകൾ നേടിയ പോർച്ചുഗീസ് സൂപ്പർതാരം, സെപ്റ്റംബർ മാസത്തിൽ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി നേടിയത്.
അതേ സമയം, 2003-2009 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോയുടെ അഞ്ചാം പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡാണ് ഇത്തവണ ലഭിച്ചത്. മാർച്ച് 2008ലാണ് താരം ഇതിന് മുൻപ് അവസാനമായി ഈ അവാർഡ് കരസ്ഥമാക്കിയത്.