ഇന്നാരംഭിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനക്യാമ്പിൽ ചേരില്ലെന്നറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ


ഇന്ന് ആരംഭിക്കാനിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീനക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചതായി റിപ്പോർട്ടുകൾ. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് പരിശീലനത്തിന് എത്താൻ കഴിയില്ലെന്ന് റൊണാൾഡോ ക്ലബ് നേതൃത്വത്തെ അറിയിച്ചതെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തോട് ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം റൊണാൾഡോ പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ക്ലബിൽ തുടരാൻ പൂർണമായും സംതൃപ്തിയില്ലാത്ത താരം മികച്ച ഓഫർ ലഭിച്ചാൽ തന്നെ ഒഴിവാക്കുന്നതു പരിഗണിക്കണം എന്നാണു താരം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് റൊണാൾഡോ പരിശീലനത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചത്.
Confirmed. Cristiano Ronaldo to miss return to Manchester United training today “due to family reasons”, club have accepted this explanation. 🚨🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) July 4, 2022
Man United are aware of his desire to leave the club - but insist on their position: not for sale, want to keep him. pic.twitter.com/Tzj40IidtU
കഴിഞ്ഞ സീസണിലാണ് റൊണാൾഡോ യുവന്റസിൽ നിന്നും തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണിൽ ക്ലബിന്റെ ടോപ് സ്കോറർ റൊണാൾഡോ ആയിരുന്നെങ്കിലും ടീമിന് ഒരു കിരീടം പോലും നേടാനോ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനോ കഴിഞ്ഞിരുന്നില്ല. അടുത്ത സീസണിലും ടീമിന് കിരീടസാധ്യതകൾ ഇല്ലെന്നിരിക്കെയാണ് റൊണാൾഡോ ക്ലബ് വിടുന്ന കാര്യം ആലോചിക്കുന്നത്.
റൊണാൾഡോ പരിശീലനത്തിൽ നിന്നും ഒഴിവായത് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് മറ്റു ക്ലബുകളുമായി ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ, ചെൽസി, ബയേൺ മ്യൂണിക്ക്, നാപ്പോളി, റോമ എന്നീ ക്ലബുകളാണ് റൊണാൾഡോക്കു വേണ്ടി രംഗത്തുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.