തുടർച്ചയായ മൂന്നാം ദിവസവും പ്രീ-സീസൺ ട്രെയ്നിങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ

തുടർച്ചയായ മൂന്നാം ദിവസവും പ്രീ-സീസൺ ട്രെയ്നിങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരാതെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
അന്താരാഷ്ട്ര ബ്രേക്കിൽ ദേശിയ ടീമുകൾക്കൊപ്പമുണ്ടായിരുന്ന താരങ്ങൾ അവധിക്കാലത്തിന് ശേഷം തിങ്കളാഴ്ചയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീ-സീസൺ പരിശീലനത്തിന് എത്തേണ്ടിയിരുന്നത്.
എന്നാൽ, മറ്റു താരങ്ങളെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലനത്തിനായി റിപ്പോർട്ട് ചെയ്തപ്പോൾ, റൊണാൾഡോ മാത്രം ടീമിനൊപ്പം ചേർന്നില്ല. കുടുംബപരമായ കാരണങ്ങൾ കൊണ്ട് പരിശീലനത്തിന് എത്താൻ കഴിയില്ലെന്ന് താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചിരുന്നു. താരത്തിന്റെ വിശദീകരണം മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയും പരിശീലനത്തിന് എത്താതിരുന്ന താരം ഇന്നും പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നിട്ടില്ലെന്ന് ഇംഗ്ലീഷ് മാധ്യമപ്രവത്തകനായ ജെയിംസ് റോബ്സൺ ട്വീറ്റ് ചെയ്തു. ക്ലബിന്റെ പ്രീ-സീസൺ ടൂറിൽ പങ്കെടുക്കാൻ താരം പദ്ധതിയിടുന്നുണ്ടോ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തായ്ലൻഡിലും ഓസ്ട്രേലിയയിലുമായി നടക്കുന്ന പ്രീ-സീസൺ മത്സരങ്ങൾക്കായി വെള്ളിയാഴ്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറപ്പെടുന്നത്. അതിന് മുൻപ് താരം ക്ലബിനൊപ്പം ചേരുമോ എന്ന കാര്യം വ്യക്തമല്ല.
നേരത്തെ, അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ, റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ തങ്ങളുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ള റൊണാൾഡോയെ വിൽക്കാനില്ലെന്ന നിലപാടാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേത്.