Football in Malayalam

വീ‌ണ്ടും ഗോൾ വീണ്ടും റെക്കോർഡ്; സൂപ്പർ ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോ

Gokul Manthara
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Alexander Hassenstein/Getty Images
facebooktwitterreddit

യൂറോ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയതോടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തിയത് അന്താരാഷ്ട്ര ഫുട്ബോളിലെ‌ തകർപ്പൻ റെക്കോർഡിനൊപ്പം. ജെർമ്മനിക്കെതിരെ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തതോടെ ലോകകപ്പിലും യൂറോകപ്പിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടത്തിൽ ജെർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെക്കൊപ്പം റോണോ എത്തുകയായിരുന്നു.

ലോകകപ്പിലും യൂറോകപ്പിലുമായി ആകെ 19 ഗോളുകൾ സ്കോർ ചെയ്തായിരുന്നു ഇക്കാര്യത്തിൽ ക്ലോസെ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. യൂറോ 2020 നെത്തുമ്പോൾ ലോകകപ്പിലും, യൂറോ കപ്പിലും കൂട്ടി ആകെ 16 ഗോളുകളായിരുന്നു റോണോയുടെ അക്കൗണ്ടിലുണ്ടായിരുന്നത്‌. എന്നാൽ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നു തന്നെ 3 ഗോളുകൾ നേടി യൂറോപ്യൻ താരങ്ങൾക്കിടയിലെ ഉജ്ജ്വല റെക്കോർഡുകളിലൊന്നിന് ഒപ്പം റോണോ എത്തുകയായിരുന്നു‌.

2004 മുതൽ ഇങ്ങോട്ടുള്ള എല്ലാ യൂറോ കപ്പുകളിലും കളിച്ച ഒരേയൊരു താരമായ റൊണാൾഡോ 12 ഗോളുകളാണ് ടൂർണമെന്റിൽ ഇതു വരെ സ്കോർ ചെയ്തിട്ടുള്ളത്‌.‌ യൂറോ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയിട്ടുള്ള താരവും മറ്റാരുമല്ല. ഹംഗറിക്കെതിരായ കഴിഞ്ഞ മത്സരത്തിലായിരുന്നു മിഷേൽ പ്ലാറ്റിനിയെ മറികടന്ന് ഏറ്റവും കൂടുതൽ യൂറോ കപ്പ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് റോണോ ഒറ്റക്ക്‌ സ്വന്തമാക്കിയത്.

അഞ്ച് യൂറോ കപ്പുകളിൽ നിന്ന് 12 ഗോളുകൾ നേടിക്കഴിഞ്ഞ റോണോ 4 ലോകകപ്പുകളിൽ നിന്ന് ആകെ 7 ഗോളുകളാണ് സ്കോർ ചെയ്തിട്ടുള്ളത്. യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ നിലവിൽ ക്ലോസെക്ക് ഒപ്പമുള്ള റോണോ യൂറോ 2020 ൽ ത്തന്നെ ഈ നേട്ടം തന്റെ മാത്രം പേരിലാക്കി മാറ്റുമെന്നുള്ള വിശ്വാസത്തിലാണ് ഇപ്പോൾ ആരാധകർ.

facebooktwitterreddit