Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഒരു 'പെർഫെക്റ്റ് ഡീൽ' ആണെന്ന് ഹോസെ മൗറീന്യോ

Sreejith N
Cristiano Ronaldo
Cristiano Ronaldo / Alessandro Sabattini/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ മികവുറ്റ ബിസിനസാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും നിലവിൽ റോമ മാനേജരുമായ ഹോസെ മൗറീന്യോ. കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ച് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിന്നിരുന്നെങ്കിലും തന്റെ പഴയ തട്ടകത്തിലേക്കു തന്നെയാണ് ഒടുവിൽ റൊണാൾഡോ തിരിച്ചെത്തിയത്.

"ഞാൻ പറയാൻ പോകുന്നത് ഒരേയൊരു കാര്യമാണ്. അത് അടിസ്ഥാനപരവും യുക്തിപരവും ആണെന്നു ഞാൻ കരുതുന്നു. യുവന്റസും റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും ഈ ട്രാൻസ്‌ഫറിൽ തൃപ്‌തരാണെങ്കിൽ ഇതൊരു പെർഫെക്റ്റ് ഡീലാണ്," റയൽ മാഡ്രിഡ് പരിശീലകനായിരിക്കുമ്പോൾ റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ പറഞ്ഞു.

"ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ഇരുപതു വർഷമായി താരം ചരിത്രം സൃഷ്‌ടിച്ചു കൊണ്ടിരിക്കയാണ്. അതിൽ കൂടുതലൊന്നും ഇനി പറയാനില്ല," മൗറീന്യോ പറഞ്ഞു.

അതേസമയം, റൊണാൾഡോ യുവന്റസ് വിട്ടതു കൊണ്ട് ഇറ്റാലിയൻ ലീഗിൽ തന്റെ ടീമിനു കിരീടസാധ്യതയുണ്ടോ എന്നതിനെ കുറിച്ച് പ്രതികരിക്കാൻ മൗറീന്യോ തയ്യാറായില്ല. "ഇറ്റാലിയൻ ലീഗ് കിരീടം? അത് ഇന്റർ പരിശീലകനായ ഇൻസാഗിക്കുള്ള ചോദ്യമാണെന്നു കരുതുന്നു. എനിക്കുള്ളതല്ല," പോർച്ചുഗീസ് പരിശീലകൻ പ്രതികരിച്ചു.

റയൽ മാഡ്രിഡിൽ നിന്നും ലോണിൽ റോമയിൽ കളിക്കുന്ന ബോർഹ മയോറൽ ഈ സീസണിലും ടീമിനൊപ്പം തുടരുമെന്ന പ്രതീക്ഷയും മൗറീന്യോ പങ്കുവെച്ചു. മൂന്നു ഫോർവേഡുകളെ ടീമിന് ആവശ്യമാണെന്നും അതുകൊണ്ടു തന്നെ മയോറലിനെ ഈ സീസണിൽ ടീമിനൊപ്പം പ്രതീക്ഷിക്കുന്നുണ്ടെന്നും കഴിവുള്ള താരമാണ് അദ്ദേഹമെന്നും മൗറീന്യോ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit