പതിനഞ്ചാം തവണയും ഫിഫ്പ്രോയുടെ പുരുഷ ലോക ഇലവനിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും

ഫിഫ്പ്രോയുടെ പുരുഷ ലോക ഇലവനിൽ തുടർച്ചയായ 15ആം വർഷവും ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇന്നലെ പ്രഖ്യാപിച്ച 'ദി 2021 മെൻസ് ഫിഫ ഫിഫ്പ്രോ വേൾഡ് XI'ൽ ഇടം നേടിയതോടെയാണ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ രണ്ട് പേരായി കണക്കാക്കപ്പെടുന്ന മെസ്സിയും റൊണാൾഡോയും ഈ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ സീസണിൽ യുവന്റസിനും പോർചുഗലിനും വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനമാണ് റൊണാൾഡോയെ ലോക ഇലവനിൽ ഇടം നേടാൻ സഹായിച്ചത്. അതേ സമയം, അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് മുന്നിൽ നിന്ന് നയിക്കുകയും, ബാഴ്സലോണക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതുമാണ് ലോക ഇലവനിലെ മെസ്സിയുടെ സ്ഥാനം ഉറപ്പിച്ചത്.
2007ലാണ് റൊണാൾഡോയും മെസ്സിയും ആദ്യമായി ഫിഫ്പ്രോ ലോക ഇലവനിൽ ഇടം നേടുന്നത്. അതിന് ശേഷമുള്ള 14 വർഷങ്ങളിലും ലോക ഇലവനിൽ റൊണാൾഡോയുടെയും മെസ്സിയുടെയും സാന്നിധ്യം ഉണ്ടായിരുന്നു.
അതേ സമയം, 3-3-4 ഫോർമേഷനിൽ തിരഞ്ഞെടുത്ത ലോക ഇലവനിൽ, റോബർട്ട് ലെവൻഡോസ്കിയും, എർലിങ് ഹാളണ്ടുമാണ് റൊണാൾഡോയുടെയും മെസ്സിയുടെയും മുൻനിരയിലെ കൂട്ടാളികൾ.
മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ, ചെൽസി താരങ്ങളായ ജോർജീനോ, എൻഗോളോ കോണ്ടെ എന്നിവരാണ് മൂന്ന് അംഗ മധ്യനിരയിൽ ഉള്ളത്.
പിൻനിരയിൽ, യുവന്റസ് താരം ലിയനാർഡോ ബൊനൂച്ചി, മാഞ്ചസ്റ്റർ സിറ്റി താരം റൂബൻ ഡയസ്, റയൽ മാഡ്രിഡ് താരം ഡേവിഡ് അലാബ എന്നിവർ ഇടം നേടി. ലോക ഇലവനിൽ ഗോൾവലക്ക് മുൻപിലുള്ളത് പിഎസ്ജി താരമായ ജിയാൻലൂയിജി ഡോണറുമ്മയാണ്.
ദി 2021 മെൻസ് ഫിഫ ഫിഫ്പ്രോ വേൾഡ് XI: ജിയാൻലൂയിജി ഡോണറുമ്മ, ഡേവിഡ് അലാബ, ലിയനാർഡോ ബൊനൂച്ചി, റൂബൻ ഡയസ്, എൻഗോളോ കോണ്ടെ, ജോർജീനോ, കെവിൻ ഡി ബ്രൂയ്ൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ, എർലിങ് ഹാളണ്ട്, റോബർട്ട് ലെവൻഡോസ്കി, ലയണൽ മെസ്സി
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.