Football in Malayalam

ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ചൂടു പിടിക്കുന്നതിനിടെ റൊണാൾഡോക്ക് പരിക്ക്, പരിശീലനത്തിനിടെ താരം മൈതാനം വിട്ടു

By Gokul Manthara
Cristiano Ronaldo
Cristiano Ronaldo / Jonathan Moscrop/Getty Images
facebooktwitterreddit

യുവന്റസിനൊപ്പം പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കൈക്ക് പരിക്കേറ്റ താരം പരിശീലനം മതിയാക്കി മൈതാനം വിടുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിരിക്കുന്നതിനിടെയാണ് ഇപ്പോൾ അദ്ദേഹത്തിന് പരിക്കേറ്റ വിവരം പുറത്ത് വന്നിരിക്കുന്നത്. ആരാധകർക്ക് വലിയ ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്.

പരിശീലനം നടത്തുന്നതിനിടെ കൈക്ക് പരിക്ക് സംഭവിച്ച റൊണാൾഡോ ഇതേത്തുടർന്ന് മൈതാനം വിടുന്നതിന്റെ വീഡിയോ ഗോൾ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ പരിക്കിന്റെ കാഠിന്യത്തെക്കുറിച്ച് വ്യക്തത പുറത്ത് വന്നിട്ടില്ലാത്തതിനാൽ അദ്ദേഹം യുവന്റസിന്റെ അടുത്ത മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യം അറിവായിട്ടില്ല.

യുവന്റസുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ തയ്യാറെടുത്ത് നിൽക്കുകയാണെന്നാണ് സൂചനകൾ‌. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം ചേക്കേറാനുള്ള സാധ്യതകളാണ് നിലവിൽ ഉയർന്ന് നിൽക്കുന്നത്. എന്നാൽ താരത്തിന്റെ ഉയർന്ന പ്രതിഫലം ഈ ട്രാൻസ്ഫറിന് തടസമായി മാറിയേക്കാമെന്ന സൂചനകൾ ശക്തമാണ്.

അതേ‌ സമയം 2021-22 സീസണിന്റെ തുടക്കം റൊണാൾഡോയെ സംബന്ധിച്ച് ഇതു വരെ അത്ര സുഖകരമല്ല എന്നതാണ് സത്യം. ഉഡിനിസിനെതിരെ നടന്ന സീസണിലെആദ്യ സീരി എ മത്സരത്തിൽ യുവന്റസിന്റെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം മത്സരത്തിൽ പകരക്കാരനായിറങ്ങി 95-ം മിനുറ്റിൽ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ അനുവദിക്കപ്പെട്ടിരുന്നില്ല. ഇപ്പോളാകട്ടെ പരിശീലനത്തിനിടെ അദ്ദേഹത്തിന് പരിക്കും സംഭവിച്ചിരിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit