Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നു യുവന്റസ് സഹതാരങ്ങളോടു പറഞ്ഞ് റൊണാൾഡോ, സാധ്യത കൈമാറ്റക്കരാറിന്

Sreejith N
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Quality Sport Images/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തു നിറഞ്ഞു നിൽക്കുന്നത്. യുവന്റസുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ഇറ്റാലിയൻ ക്ലബ് വിടാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുന്നു എന്നാണ് വിവിധ യൂറോപ്യൻ മാധ്യമങ്ങൾ സമീപ ദിവസങ്ങളിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്കൈ സ്പോർട്സ് ഇറ്റാലിയയെ അടിസ്ഥാനമാക്കി സ്‌പാനിഷ്‌ മാധ്യമമായ എഎസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ റൊണാൾഡോ ചേക്കേറാൻ ഏറ്റവുമധികം സാധ്യതയുള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ്. തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നഗര വൈരികളായ സിറ്റിയുടെ തട്ടകത്തിലേക്ക് ചേക്കേറുന്ന കാര്യം റൊണാൾഡോ യുവന്റസ് സഹതാരങ്ങളോട് പറഞ്ഞുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫറിനു വേണ്ടി റൊണാൾഡോ യുവന്റസിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണു ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പറയുന്നത്. ഹാരി കെയിൻ ട്രാൻസ്‌ഫറിൽ അനിശ്ചിതത്വം നേരിടുന്നതിനാൽ റൊണാൾഡോയെ സ്വന്തമാക്കാൻ സിറ്റിക്ക് താൽപര്യമുണ്ടെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് അവർക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. അതുകൊണ്ട് ബെർണാഡോ സിൽവ, അയ്മെറിക് ലപോർട്ടെ എന്നിവരെ ട്രാൻസ്‌ഫർ നീക്കങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.

റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകൾ ഉണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള, യൂറോപ്യൻ കിരീടം നേടാൻ കഴിവുള്ള ക്ലബുകളിലേക്ക് ചേക്കേറാനാണ് താരം പരിഗണന നൽകുന്നത്. തന്റെ വേതനസംബന്ധമായ വ്യവസ്ഥകൾ അംഗീകരിക്കാൻ യൂറോപ്പിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയുമെന്നതും ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള താരത്തിന്റെ താൽപര്യം വർധിപ്പിക്കുന്നു.

റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്ന് പരിശീലകനായ അല്ലെഗ്രി യുഡിനസിനെതിരായ സീരി എ മത്സരത്തിനു ശേഷം വെളിപ്പെടുത്തിയിരുന്നെങ്കിലും മികച്ച ഓഫർ ലഭിച്ചാൽ യുവന്റസ് അതു പരിഗണിക്കാനിടയുണ്ട്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്‌ഫറിൽ നഷ്ടപ്പെടുന്നതിനേക്കാൾ യുവന്റസിനു നല്ലത് ഇപ്പോൾ ഒഴിവാക്കുന്നതു തന്നെയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit