Football in Malayalam

റൊണാൾഡോ യുവന്റസ് വിടാനുറച്ചു തന്നെ; പുറത്ത് വരുന്നത് താരം ക്ലബ്ബിൽ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾ

Gokul Manthara
ACF Fiorentina v Juventus - Serie A
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images
facebooktwitterreddit

യുവന്റസ് സമീപകാലത്തെ ഏറ്റവും മോശം സീസണുകളിൽ ഒന്നിലൂടെ കടന്നു പോകുന്നതിനിടെ അവരുടെ സൂപ്പർ താരമായ‌ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി റിപോർട്ടുകൾ. ഇക്കുറി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ യുവന്റസ്, സീരി എ കിരീടം നേടാനുള്ള സാധ്യതകളും മങ്ങിയതോടെ താരം വരും സമ്മറിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വർധിച്ചതായും, നിലവിൽ ക്ലബ്ബിൽ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ലെന്നുമാണ് വിവിധ ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്ത് വിടുന്ന‌ റിപ്പോർട്ട്.

സമീപകാലത്തെ റൊണാൾഡോയുടെ പെരുമാറ്റവും, പ്രതികരണങ്ങളും അദ്ദേഹം യുവന്റസിൽ മുൻപത്തേക്കാൾ നിരാശനാണെന്ന് വ്യക്തമാക്കുന്നതായാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് ചൂണ്ടിക്കാട്ടുന്നത്. റൊണാൾഡോ വളരെയധികം അസ്വസ്ഥനാണെന്നും അദ്ദേഹം സഹതാരങ്ങളിൽ നിന്ന് അകലം പാലിക്കുന്നതായും ചൂണ്ടിക്കാട്ടുന്ന അവർ, മുൻപത്തെ പോലെ അദ്ദേഹം കഠിനാധ്വാനം നടത്തുന്നില്ലെന്നും കൂട്ടിച്ചേർത്തു‌.

'ഫിയോറന്റീനക്കെതിരായ മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനം വളരെയധികം ആശങ്ക നൽകുന്നതാണ്. അദ്ദേഹം തന്റെ വികാരങ്ങൾ മറക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. അദ്ദേഹം ക്ലബ്ബ് വിടുന്നതിനോട് കൂടുതൽ അടുക്കുകയാണെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണിത്,' ലാ ഗസറ്റ ഡെല്ലോ സ്പോർട് വ്യക്തമാക്കി.

ടൂറിനിൽ എത്തിയതിന് ശേഷം ഇതാദ്യമായി റോണോയുടെ പെരുമാറ്റത്തിൽ വലിയ മാറ്റമുണ്ടായെന്നാണ് വിലയിരുത്തുന്ന ഇറ്റാലിയൻ മാധ്യമം, താരം യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവകാശപ്പെടുന്നു. ഇതിനിടെ അടുത്ത സീസണിൽ തനിക്ക് പുതിയ ക്ലബ്ബ് കണ്ടെത്താൻ ഏജന്റായ ജോർജ് മെൻഡിസിനെ റൊണാൾഡോ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

അതേ സമയം, കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഫോമിലല്ലെങ്കിലും, ഈ സീസണിൽ മികച്ച റെക്കോർഡാണ് റോണോക്കുള്ളത്. 2020-21 സീസണിൽ ഇതു വരെ കളിച്ച 39 മത്സരങ്ങളിൽ‌ 32 ഗോളുകൾ നേടിയ താരം 4 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി എന്നിവരടക്കമുള്ള‌ ക്ലബ്ബുകൾക്ക് റോണോയിൽ കണ്ണുണ്ടെന്ന് ഇതിനിടെ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും താരം തന്റെ ഭാവി കാര്യത്തിൽ എന്ത് തീരുമാനമാകും എടുക്കുകയെന്ന്‌ കണ്ടറിയേണ്ടി വരും.


facebooktwitterreddit