ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും ടീമിനൊപ്പം തുടരുമെന്ന ഉറച്ച വിശ്വാസത്തോടെ യുവന്റസ്


ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിലും ടീമിന്റെ ഭാഗമായിരിക്കുമെന്നും താരം ക്ലബ് വിടാനുള്ള സാധ്യതയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും യുവന്റസ് വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ്. യൂറോ കപ്പ് മത്സരങ്ങൾക്കു ശേഷം അവധിക്കാലം ആഘോഷിക്കുന്ന താരം യുവന്റസിലേക്ക് ട്രെയിനിങ് പുനരാരംഭിക്കാൻ എത്തുന്നതിനായി ക്ലബ് കാത്തിരിക്കുകയാണെന്നും മുൻ ചെക്ക് റിപ്പബ്ലിക്ക് താരം വ്യക്തമാക്കി.
"റൊണാൾഡോ ഇപ്പോൾ അവധി ദിവസങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കയാണ്. അദ്ദേഹം യുവന്റസ് വിടുമെന്ന സംബന്ധിച്ച് യാതൊരു സൂചനകളും ഇതുവരെ നൽകിയിട്ടില്ല. ഞങ്ങൾ റൊണാൾഡോയെ കാത്തിരിക്കുകയാണ്. ജൂലൈ 25നു താരം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്." ഡിഎസെഡ്എന്നിനു നൽകിയ അഭിമുഖത്തിൽ നെദ്വെദ് പറഞ്ഞു.
The right decision? https://t.co/TLSFBm54MO
— MARCA in English (@MARCAinENGLISH) July 16, 2021
യുവന്റസ് വൈസ് പ്രസിഡന്റിനു പുറമെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ഫെഡറികോ ഷെറുബിനിയും റൊണാൾഡോ തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. "റൊണാൾഡോ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അടയാളങ്ങളും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം 44 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയ ഒരു താരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്."
"കണക്കുകൾ എല്ലായിപ്പോഴും എല്ലാം പറയണമെന്നില്ല, അത് യാഥാർഥ്യത്തെ ഒളിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ഞങ്ങൾ സന്തുഷ്ടരാണ്. അദ്ദേഹം അർഹിക്കുന്ന വിശ്രമസമയം കഴിഞ്ഞാൽ ടീമിനൊപ്പം പ്രീ സീസണു വേണ്ടി ചേരും." ഷെറുബിനി പറഞ്ഞു.
യുവന്റസിനൊപ്പം തുടരുക വഴി മൂന്നു വ്യത്യസ്ത ലീഗുകളിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന താരമെന്ന അത്യപൂർവ നേട്ടം സ്വന്തമാക്കാൻ റൊണാൾഡോക്ക് അവസരമുണ്ട്. മുൻപ് രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ടീമിനെ എത്തിച്ചിട്ടുള്ള അല്ലെഗ്രിക്കു കീഴിൽ റൊണാൾഡോക്ക് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.