Football in Malayalam

റൊണാൾഡോക്ക് ഏഴാം നമ്പർ വിട്ടു നൽകാൻ കവാനി തയ്യാറെന്ന് സൂചന; താരം വീണ്ടും യുണൈറ്റഡിന്റെ ഐതിഹാസിക ജേഴ്സി അണിഞ്ഞേക്കും

By Gokul Manthara
West Bromwich Albion v Manchester United - Premier League
West Bromwich Albion v Manchester United - Premier League / Mark Thompson/Getty Images
facebooktwitterreddit

യുവന്റസിൽ നിന്ന് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് പ്രിയപ്പെട്ട ഏഴാം നമ്പർ ജേഴ്സി തന്നെയാകും ക്ലബ്ബിൽ ധരിക്കുകയെന്ന് സൂചന. നേരത്തെ ഉറുഗ്വെൻ സൂപ്പർ താരം എഡിൻസൺ കവാനിക്ക് ഈ സീസണിലേക്ക് തങ്ങളുടെ ഏഴാം നമ്പർ ജേഴ്സി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിരുന്നു. ഇതോടെ റൊണാൾഡോ മറ്റേതെങ്കിലും നമ്പർ ക്ലബ്ബിൽ ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു സൂചനകൾ. എന്നാൽ റോണോക്കായി ഏഴാം നമ്പർ വിട്ടു നൽകാൻ കവാനി തയ്യാറായതായി ഇന്നലെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ റോണോ വീ‌‌ണ്ടും തന്റെ പ്രിയ ഷർട്ട് നമ്പർ ധരിച്ച് ഓൾഡ് ട്രാഫോഡിൽ കളിക്കാനുള്ള സാധ്യതകൾ വർധിക്കുകയായിരുന്നു.

എന്നാൽ കവാനി ഏഴാം നമ്പർ റൊണാൾഡോക്ക് വിട്ടു കൊടുക്കാൻ തയ്യാറായാലും പ്രീമിയർ ലീഗിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ പോർച്ചുഗീസ് താരത്തിന് നമ്പർ 7 ധരിക്കാൻ സാധിക്കൂ. നേരത്തെ താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ കാര്യത്തിൽ ധാരണയിലെത്തിയ സമയത്ത് ഷർട്ട് നമ്പരുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലബ്ബുമായി നടത്തിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുണൈറ്റഡിൽ ഏഴാം നമ്പർ ലഭിച്ചില്ലെങ്കിൽ റൊണാൾഡോയുടെ CR7 ബ്രാൻഡിനും തിരിച്ചടി നേരിടേണ്ടി വരാനുള്ള സാധ്യതയുണ്ട്. നേരത്തെ ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, ഡേവിഡ് ബെക്കാം, എറിക്ക് കന്റോണ എന്നിവർ ധരിച്ച ഐതിഹാസിക ഏഴാം നമ്പർ ജേഴ്സിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ സ്പെല്ലിലും റൊണാൾഡോ ധരിച്ചിരുന്നത്.

അതേ സമയം കവാനി ഏഴാം നമ്പർ ജേഴ്സി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ക്ലബ്ബ് ഇക്കാര്യത്തിൽ ഇതു വരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല‌. എന്നാൽ ഇത് സംഭവിക്കുകയാണെങ്കിൽ 2021-22 സീസണിലേക്കുള്ള കവാനിയുടെ ഏഴാം നമ്പർ കിറ്റ് വാങ്ങിയവർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പണം റീഫണ്ട് ചെയ്യും.

ഏഴാം നമ്പർ റൊണാൾഡോക്ക് നൽകിയാൽ ഉറുഗ്വെൻ താരം എഡിൻസ‌ൺ കവാനി ക്ലബ്ബിൽ പിന്നെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയാകും തിരഞ്ഞെടുക്കുകയെന്നാണ് സൂചന. ടീമിൽ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സി ധരിച്ചിരുന്ന ഡാനിയൽ ജെയിംസ് ഇക്കുറി ലീഡ്സിലേക്ക് ചേക്കേറിയതോടെ ഈ നമ്പരിന് നിലവിൽ അവകാശികളില്ല. കവാനി മുൻപ് ഉറുഗ്വെൻ ദേശീയ ടീമിൽ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയണിഞ്ഞ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലും താരം ഇതേ നമ്പരിലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit