Football in Malayalam

ന്യൂകാസിലിനെതിരായ രണ്ടാമത്തെ ഗോൾ നേടാൻ റൊണാൾഡോ നടത്തിയ സ്പ്രിന്റിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 32.5കിമി

By Gokul Manthara
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Laurence Griffiths/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചു വരവ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം. പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും അത് ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ‌ ദിവസം നടന്ന മത്സരത്തിൽ റോണോയുടെ പ്രകടനം. മത്സരത്തിലെ തന്റെ ആദ്യ ഗോൾ ടാപ്പ് ഇന്നിലൂടെ നേടിയ റോണോ രണ്ടാമത്തെ ഗോൾ നേടാൻ ഓടിയ വേഗത ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ കണ്ണു തള്ളിക്കുന്നതാണ്.

ന്യൂകാസിൽ യുണൈറ്റഡിനെതിരെ തന്റെ രണ്ടാമത്തെ ഗോൾ നേടാൻ റൊണാൾഡോ നടത്തിയ സ്പ്രിന്റിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 32.5 കിലോമീറ്ററാണെന്ന (20.2 മൈൽസ്/മണിക്കൂർ) വിവരം ബിബിസി സ്പോർടാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രായം മുപ്പത്തിയാറ് പിന്നിട്ട റൊണാൾഡോയുടെ ഈ വേഗതക്കണക്ക് അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല ഫുട്ബോൾ ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു കഴിഞ്ഞെന്നത് വാസ്തവം. പ്രായമേറിയെങ്കിലും തന്റെ വേഗതക്കും ഫിനിഷിംഗിനും യാതൊരു പ്രശ്നവുമില്ലെന്ന് ഇടം കാൽ ഷോട്ടിലൂടെ നേടിയ ഈ ഗോളിലൂടെ താരം ഫുട്ബോൾ ലോകത്തിന് കാണിച്ചും കൊടുത്തു.

എക്സ്പ്രസ് വേഗത്തിൽ നേടിയ ഈ ഗോളോടെ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വേഗതയേറിയ കളികാരോട് അടുക്കാനും റൊണാൾഡോക്കായി. ആഡം ആംസ്ട്രോംഗ് (22.15 mph), അഡമ ട്രവോറെ (22.12 mph), വിൽഫ്രഡ് സാഹ (21.88mph) എന്നിവരാണ് ഈ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ താരങ്ങൾ.

അതേ സമയം റൊണാൾഡോ ഇരട്ട ഗോളുകളോടെ ഓൾഡ് ട്രാഫോഡിലേക്കുള്ള തന്റെ തിരിച്ചു വരവ് ആഘോഷിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് ‌ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയായിരുന്നു‌. റൊണാൾഡോക്ക് പുറമേ ബ്രൂണോ ഫെർണാണ്ടസ്, ജെസി ലിംഗാർഡ് എന്നിവർ യുണൈറ്റഡിനായി വല കുലുക്കിയപ്പോൾ, ജാവിയർ മാൻക്വിലോയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit