Football in Malayalam

അപൂർവ്വ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സീരി എയിൽ കളിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ

By Gokul Manthara
Juventus  v FC Crotone - Serie A
Juventus v FC Crotone - Serie A / Stefano Guidi/Getty Images
facebooktwitterreddit

ഇറ്റാലിയൻ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ നേടുന്ന താരമായി യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ക്രോട്ടോണിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെയാണ് സീരി എ യിലെ അപൂർവ്വ നേട്ടങ്ങളിലൊന്ന് റോണോക്ക് സ്വന്തമായത്.

2020-21 സീസൺ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമുകളിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് നിൽക്കുന്ന ക്രോട്ടോണിനെതിരെ മാത്രമായിരുന്നു റൊണാൾഡോക്ക് നേരത്തെ ഗോളില്ലാതിരുന്നത്. എന്നാൽ ഇന്നലെ അവർക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ നേടി ആ ക്ഷീണം റോണോ തീർത്തു. ഇപ്പോൾ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന 19 ടീമുകൾക്കെതിരെയും റോണോ കുറഞ്ഞത് ഒരു ഗോളെങ്കിലും നേടിയിട്ടുണ്ട്.

യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ റൊണാൾഡോ സ്കോർ ചെയ്യുന്ന 78-മത്തെ എതിരാളികളായും ഇന്നലെ ക്രോട്ടോൺ മാറി. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചാണ് 78 വ്യത്യസ്ത എതിരാളികൾക്കെതിരെ റോണോ സ്കോർ ചെയ്തത്. യൂറോപ്പിലെ 79 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇക്കാര്യത്തിൽ റോണോക്ക് മുന്നിലുള്ളത്.

അതേ സമയം 2018ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ റോണോ, ക്ലബ്ബിനായി തകർപ്പ‌ൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതു വരെ യുവന്റസിനായി 90 ഗോളുകൾ നേടിക്കഴിഞ്ഞ റോണോ, 2020-21 സീസൺ സീരിഎയിൽ 18 ഗോളുകളോടെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുണ്ട്.

facebooktwitterreddit