ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സന്തോഷവാന്‍; ജോര്‍ജ് മെന്‍ഡസ്

Manchester United v Burnley - Premier League
Manchester United v Burnley - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സന്തോഷവാനാണെന്ന് താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ്. സ്‌കൈ ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് മെന്‍ഡസ് ഇക്കാര്യം വ്യക്തമാക്കിയത്.

"ക്രിസ്റ്റ്യാനോ എപ്പോഴും ചെയ്യാറുള്ളത് പോലെ സ്ഥിരതയുള്ള പ്രകടനമാണ് അദ്ദേഹം യുണൈറ്റഡില്‍ നടത്തുന്നത്. അവിടെ അദ്ദേഹം വളരെ സന്തോഷവാനാണ്," മെന്‍ഡസ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ ക്രിസ്റ്റിയാനോ അസന്തുഷ്ടനാണെന്നും യുവതാരങ്ങളുമായി വാക്കുതര്‍ക്കവും അസ്വാരസ്യങ്ങളുമുണ്ടായെന്ന് ഏതാനും ദിവസമായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു റൊണാള്‍ഡോയുടെ ഏജന്റായ മെന്‍ഡസ് ഇക്കാര്യം സൂചിപ്പിച്ചത്.

ആസ്റ്റണ്‍ വില്ലയുടെ മുന്‍താരമായ ഗബ്രിയേല്‍ അഗ്‌ബോണ്‍ലഹോര്‍ രണ്ട് ദിവസം മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. റൊണാൾഡോ യുണൈറ്റഡിലെ താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, മാസന്‍ ഗ്രീന്‍വുഡ് തുടങ്ങിയ താരങ്ങളെ ഭയപ്പെടുത്തുന്നതായും ഡ്രസിങ് റൂമില്‍ ക്രിസ്റ്റ്യാനോക്ക് ചിലതാരങ്ങളുമായി പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.

ഈ സീസണില്‍ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സീസണില്‍ 21 മത്സരം കളിച്ച ക്രിസ്റ്റ്യാനോ 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബേണ്‍ലിക്കെതിരേയുള്ള മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയിരുന്നു. മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.